പത്തനംതിട്ട : സ്കൂള്‍ കലോത്സവങ്ങള്‍ കുട്ടികളുടെ കലാവൈഭവങ്ങള്‍ കാഴ്ചവെക്കാനുള്ള വേദിയാണെന്ന് അഡ്വ.കെ യു ജനീഷ്കുമാര്‍ എംഎല്‍എ പറഞ്ഞു. പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം മൈലപ്ര മൗണ്ട് ബഥനി എച്ച് എസ് എസ്സില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജില്ലാ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച പ്രൈമറി സ്കൂള്‍ മുതലുള്ള 5000 ല്‍ അധികം കുട്ടികളാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. പഞ്ചായത്തില്‍ 11 വേദികളിലായാണ് കലാപരിപാടികള്‍ അരങ്ങേറുന്നത്.
ജില്ലാപഞ്ചായത്തിന്റെയും ഉപജില്ലാ വിദ്യാഭ്യാസവകുപ്പിന്റെയും മികച്ച ഇടപെടലാണു കലോത്സവത്തിന്റെ വിജയത്തിനായി ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കുട്ടികളുടെ ഓണമാണു കലോത്സവങ്ങളെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കുട്ടികളിലെ കലാപരമായ കഴിവുകളും ജിജ്ഞാസയും കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമാണു സ്കൂള്‍ കലോത്സവങ്ങളെന്നും ഭാവിതലമുറയുടെ പുതിയ ചുവടുവെപ്പിലേക്കുള്ള വഴിതിരിവാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങില്‍ ജില്ലാകളക്ടര്‍ എ ഷിബു സുവനീര്‍ പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ കലഞ്ഞൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥി അശ്വിന് എസ് കുമാറിനു കളക്ടര്‍ സമ്മാനം നല്കി. കലാമത്സര ഉദ്ഘാടനം കഥാകൃത്തായ ജേക്കബ് ഏബ്രഹം നിര്‍വഹിച്ചു.
ഡിസംബര്‍ ഒന്‍പതു വരെ നടക്കുന്ന മേളയില്‍ കൂട്ട്, കരുതല്‍, പുഞ്ചിരി, കുട്ടിത്തം, നന്മ, സൗഹൃദം, ലാളിത്യം, ഒരുമ, സ്നേഹം , കനിവ് എന്നിങ്ങനെ പേരുകള്‍ നല്‍കിയിരിക്കുന്ന വേദികളിലായി വിവിധ മത്സരയിനങ്ങള്‍ അരങ്ങേറും.
എസ്എച്ച് എച്ച്എസ്എസ് , എസ്എന്‍വി യുപി സ്കൂള്‍, എന്‍എം എല്‍പിഎസ്, എം എസ് സി എല്‍പിഎസ്, എസ്എച്ച് ടിടിഐ എന്നീ സ്കൂളുകളിലാണ് വേദി സജീകരിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര് അജയകുമാര്‍, റോബിന് പീറ്റര്‍, ജിജോ മോഡി, ബ്ലോക്കു പഞ്ചായത്ത് അംഗം എല്‍സി ഈശോ, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.