കോന്നി : നഴ്സിംഗ് വിദ്യാഭ്യാസമേഖലയിൽ സർക്കാർ കോളേജുകൾ സ്ഥാപനങ്ങളിൽ ഈ വർഷം മാത്രം വർധിപ്പിച്ചത് 1020 സീറ്റുകളാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. സീതത്തോട് നഴ്സിംഗ് കോളജിന്റെ ഔദ്യോഗിക പ്രവർത്തനോദ്ഘാടനം സീതത്തോട് മാർക്കറ്റ് ജംഗ്ഷനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയേറിയ വിദ്യാഭ്യാസം മികച്ച സൗകര്യങ്ങളോടെ ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (സീപാസ്) ചുമതലയിലാണ് സീതത്തോട്ടിൽ സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യൂക്കേഷൻ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. നഴ്സിംഗ് വിദ്യാഭ്യാസമേഖലയിൽ ലോകോത്തര നിലവാരമാണ് സീപാസ് പുലർത്തുന്നത്. കർശനമായ നിയന്ത്രണങ്ങളോടെയാണ് സംസ്ഥാന സർക്കാർ നഴ്സിംഗ് കോളജുകൾക്ക് പ്രവർത്തന അംഗീകാരം നൽകുന്നത്. സീതത്തോട് നഴ്സിംഗ് കോളജിൽ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ച് ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ കോളജിന് ഏറെ താമസിയാതെ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകും. ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിൻറെ ലക്ഷ്യമെന്നും രാജ്യത്ത് തന്നെ ഒന്നാമതാണ് നമ്മുടെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോന്നി എംഎൽഎ അഡ്വ. കെ യു ജനീഷ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ, ജില്ലാ കളക്ടർ എ ഷിബു, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വൈസ് പ്രസിഡന്റ് പി എസ് സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദ്, വൈസ് പ്രസിഡൻ്റ് ബീന മുഹമ്മദ് റാഫി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാമുദായിക നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.