അടൂര്‍ : വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഭാഗമായി ആര്‍ജിച്ച നൈപുണികള്‍ സമൂഹവുമായി പങ്കുവെക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്കില്‍ ഷെയര്‍ പദ്ധതി നൈപുണി പഠനം സമൂഹ നന്മയ്ക്ക് പരിപാടിയുടെ അടൂര്‍ സബ്ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. നൈപുണിപഠനം മെച്ചപ്പെട്ട ജീവിതസാഹചര്യം നേടിയെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണവകുപ്പ്, പിടിഎ, അധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ എന്നിവരുടെ സഹായത്തോടെയാണ് കുട്ടികള്‍ രൂപം നല്കിയ പദ്ധതികള്‍ നടപ്പാക്കുക. അടൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം അലാവുദ്ദീന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ പി ജയലക്ഷ്മി, ശ്രുതി എസ് സന്ദീപ്, ശ്രുതി രാജന്, രാജി ചെറിയാന്, റവ.ഫാദര്‍ എബ്രഹാം എം വര്‍ഗീസ്, ബിന്ദുകുമാരി, ആര് രാജേഷ് ,കെ എ ഷെഹിന , ആരതി കൃഷ്ണ, ബീഗം എം മുഫീദ, ബിന്ദു എലിസബത്ത് കോശി തുടങ്ങിയവര്‍ പങ്കെടുത്തു.