അടൂർ: ഫിഷ് സ്റ്റാളിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ ലക്ഷത്തോളം രൂപ വില വരുന്ന മത്സ്യം മോഷ്ടിച്ച് കടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. പന്നിവിഴ പുലികണ്ണാൽ വീട്ടിൽ ശ്രീജിത്ത് (40), കണ്ണംകോട് ചാവടി തെക്കേതിൽ മണി എന്നു വിളിക്കുന്ന അനിൽകുമാർ(43), പന്നിവിഴ മംഗലത്ത് വീട്ടിൽ വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്. അടൂർ-തട്ട റോഡിൽ മുൻസിപ്പാലിറ്റി വക മാർക്കറ്റിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണങ്കോട് കൊച്ചയ്യത്ത് നസറുദ്ദീൻ റാവുത്തറുടെ സെൻട്രൽ ഫിഷ് സ്റ്റാളിൽ നിന്നും നെയ് മീൻ, വറ്റ, കണ്ണടി വറ്റ, കേര എന്നിവയാണ് മോഷ്ടിച്ചത്.
നാസറുദ്ദീൻ വാടകയ്ക്ക് കടമുറി എടുത്ത് വർഷങ്ങളായി പച്ചമീൻ കച്ചവടം നടത്തി വരികയാണ്. ഇവിടെ നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെയാണ് മത്സ്യം മോഷ്ടിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകൾ പരിശോധിച്ച് സംശയമുള്ള വാഹനങ്ങൾ വെരിഫൈ ചെയ്തു. പ്രതികൾ മത്സ്യം കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ തിരിച്ചറിഞ്ഞു. അങ്ങനെ ശ്രീജിത്തിനെയും അനിലിനെയും കസ്റ്റഡിയിൽ എടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർ പിടിയിലായ വിവരം അറിഞ്ഞ് മുങ്ങിയ വിഷ്ണുവിനെ ഇന്നലെ രാത്രിയോടെ ഇളമണ്ണൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശ്രീജിത്തും, അനിലും അടൂർ സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. ഡിവൈഎസ്പി ആർ ജയരാജിന്റെ നിർദ്ദേശപ്രകാരം പോലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എം മനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് ആർ കുറുപ്പ്, ശ്യാം കുമാർ, അനസ് അലി എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.