പത്തനംതിട്ട : മലയാള ഭാഷയുടെ പ്രാധാന്യം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്ത്വം മുതിര്‍ന്നവര്‍ക്കാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച മലയാളദിനാഘോഷവും ഭരണഭാഷാ വാരാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭാഷയുടെ പ്രാധാന്യം കുട്ടികള്‍ക്കു മനസിലാക്കി കൊടുക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ ഉണ്ടാകണം. കാലാനുസൃതമായ മാറ്റങ്ങള്‍ ഭാഷയുടെ പുരോഗതിക്കായി കൈവരിക്കണം. ഇതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും മലയാള ഭാഷാ വാരാഘോഷം ആചരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖല ഡപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ രശ്മിമോള്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളത്തിന്റെ ആദിമപ്രഭവങ്ങള്‍ – ചില വിചാരങ്ങള്‍ എന്ന വിഷയത്തില്‍ ഇലന്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മലയാള വിഭാഗം മേധാവി കെ രാജേഷ് കുമാര്‍ പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി രാധാകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ വി അനില്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ കളക്ടറേറ്റിലെ എല്‍ ആര്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ജി രാജിയെ ജില്ലാതല ഭരണഭാഷാ പുരസ്‌കാരജേതാവായി കളക്ടര്‍ പ്രഖ്യാപിച്ചു. പുരസ്‌കാരജേതാവിനെ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് തെരഞ്ഞെടുത്തത്.
വാരാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും പൊതുജനങ്ങള്‍ക്കായി ഉപന്യാസരചനാ മത്സരവും നടത്തും.
നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി കേട്ടെഴുത്ത്, തര്‍ജ്ജമ, പ്രസംഗം, കവിതാലാപനം, ഫയലെഴുത്ത് മത്സരങ്ങളും സംഘടിപ്പിക്കും. സമാപനസമ്മേളനം നവംബര്‍ ഏഴിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ ഷിബു ഉദ്ഘാടനം ചെയ്യും. ലിപി പരിഷ്‌കരണത്തിലെ അവ്യവസ്ഥകള്‍ എന്ന വിഷയത്തില്‍ പ്രൊഫ. മൂലൂര്‍ മുരളീധരന്‍ പ്രഭാഷണം നടത്തും. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ജില്ലാ സാക്ഷരതാ മിഷന്‍, മൂലൂര്‍ സ്മാരകം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.