കോന്നി : ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുക എന്ന കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ പരാതികളും സമയബന്ധിതമായി ഉദ്യോഗസ്ഥര്‍ പരിഹരിക്കണം. പരാതി തീര്‍പ്പാക്കാതിരിക്കാന്‍ നിയമത്തിലും ചട്ടത്തിലും എന്തൊക്കെ പഴുതുകളുണ്ടെന്ന് പരതാതെ ജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കാനുള്ള പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി ഫയല്‍ തീര്‍പ്പാക്കിയാല്‍ അദാലത്തിന്റെ ആവശ്യമില്ല.ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്. അദാലത്തിന് തുടര്‍ച്ച ഉണ്ടാവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിലെ അദാലത്തുകള്‍ പൂര്‍ണമായി 15 ദിവസത്തിനു ശേഷം റിവ്യൂ മീറ്റിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
കോന്നി താലൂക്ക് അദാലത്തിലെത്തിയ സങ്കീര്‍ണമായ പരാതികള്‍ക്കും പരിഹാരമുണ്ടാകുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി
താലൂക്ക് തല അദാലത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. പരാതിക്കാരുടെ എല്ലാ പരാതികള്‍ക്കും സമയബന്ധിതമായി പരിഹാരം കാണും. മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും അര്‍ഹമായ നീതി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നീതി ഉറപ്പക്കും. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ജനങ്ങളിലേക്ക് എത്തി ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുകയാണ് അദാലത്തിലൂടെയെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ,കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, എഡിഎം ബി.രാധാകൃഷ്ണന്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.