പത്തനംതിട്ട :
പത്തനംതിട്ട നഗരസഭയുടേയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റേയും സമ്പൂര്‍ണ ശുചിത്വ പദ്ധതി പൂര്‍ത്തീകരണപ്രഖ്യാപനത്തിന് മുന്നോടിയായുള്ള അവലോകനയോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഒന്നാം ഘട്ടം പൂര്‍ത്തികരിക്കുന്നതിന് ജില്ലാ ആസൂത്രണസമിതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെപ്പറ്റിയും വിവിധ പദ്ധതികളുടെ നിര്‍വഹണത്തെപറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, മാലിന്യനിക്ഷേപം നടത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി ശുചീകരിക്കുക, ശുചിത്വ സര്‍വേ നടപടികള്‍ വേഗത്തിലാക്കുക, ശൗചാലയങ്ങള്‍, ഗാര്‍ഹിക സോക്ക് പിറ്റ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുക തുടങ്ങിയവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്ന ബോര്‍ഡുകളും ബാനറുകളും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സ്ഥാപിക്കണമെന്നും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. ഇലന്തൂര്‍ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും പരിശോധന നടത്തുന്നതിനായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും സെക്രട്ടറി കണ്‍വീനറുമായി നിരീക്ഷണ സമിതി രൂപീകരിച്ചു. പത്തനംതിട്ട നഗരസഭയില്‍ അധ്യക്ഷന്‍ നഗരസഭ ചെയര്‍മാനും കണ്‍വീനര്‍ സെക്രട്ടറിയുമായിരിക്കും. സെപ്റ്റംബര്‍ 15 ന് നിരീക്ഷണ പ്രവര്‍ത്തനം ആരംഭിക്കും. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവലോകന യോഗത്തില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റമാരായ ജോണ്‍സണ്‍ വിളവിനാല്‍, ജോര്‍ജ് തോമസ്, മേഴ്സി മാത്യു, റോയ് ഫിലിപ്പ്, മിനി സോമരാജന്‍, കെ ആര്‍ സന്തോഷ്, നവകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, മേഴ്സി ശാമൂവേല്‍, എം.കെ വാസു തുടങ്ങിയവര്‍ പങ്കെടുത്തു.