തിരുവല്ല : പൊടിയാടിയിൽ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ചെന്നിത്തല തൃപ്പെരുംതുറ സന്തോഷ് ഭവനിൽ സുരേന്ദ്രൻ (70) മരിച്ച കേസിൽ ടിപ്പർ ലോറി ഡ്രൈവർ കാവുംഭാഗം പെരുംതുരുത്തി പന്നിക്കുഴി ചൂരപ്പറമ്പിൽ രമേശ് കുമാറി (45)നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്‌ച ഉച്ചയ്ക്ക് 12.15 ന് തിരക്കേറിയ തിരുവല്ല-പൊടിയാടി റോഡിൽ പച്ചമണ്ണ് കയറ്റി വന്ന ടിപ്പറാണ് സ്‌ട്ടർ ഇടിച്ചുതെറിപ്പിച്ചത്. പൊടിയാടി ഐ സി ഐ സി ഐ ബാങ്കിന് വടക്കുവശം വലിയ വളവ് കഴിഞ്ഞ് അതേ ദിശയിൽ പോയ്ക്കൊണ്ടിരുന്ന സ്കൂട്ടറിനെ അതിവേഗത്തിലെത്തിയ ടിപ്പർ വേഗം കുറയ്ക്കാതെ മറികടക്കുമ്പോൾ ഇടിക്കുകയായിരുന്നു. സുരേന്ദ്രൻ വാഹനവുമായി റോഡിൽ വീണു. തലയിലൂടെ ലോറിയുടെ പിന്നിലെ ഇടതുവശത്തെ ചക്രം കയറിയിറങ്ങി. ലോറി ഡ്രൈവർക്കെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു.