റാന്നി : കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതി ദിനത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു. വെച്ചൂച്ചിറ സെന്റ് ബര്‍ണബാസ് സിഎസ്ഐ ചര്‍ച്ച് വികാരിയും സാമൂഹിക പ്രവര്‍ത്തകനുമായ ഫാ. സോജി മാത്യു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് ശുചിത്വ സമിതിയുടെയും മോണിറ്ററിംഗ് കമ്മിറ്റിയുടെയും പ്രഖ്യാപനവും ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് കുടയും റെയിന്‍ കോട്ടും വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഹരിത അംബാസിഡര്‍മാരായി പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്തിലെ 13 സ്‌കൂളുകളിലെയും നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ചടങ്ങില്‍ ഗ്രീന്‍ അംബാസിഡര്‍ ഐഡന്റിറ്റി കാര്‍ഡ് നല്‍കി. ക്യാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ നടത്തിയ ശുചിത്വ പ്രവര്‍ത്തനങ്ങളും അവയുടെ പുരോഗതിയും സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമാദേവി അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനയുടെ വാതില്‍ പടി ശേഖരണവുമായി ബന്ധപ്പെട്ട് നിലവില്‍ ലഭിക്കുന്ന പ്രോത്സാഹനങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് ഹരിത കര്‍മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി ജയ വി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുന്നതിനൊപ്പം പരുവയിലും വെണ്‍കുറിഞ്ഞിയിലും പുതിയ എംസിഎഫുകള്‍ സ്ഥാപിക്കും. ഒരു വര്‍ഷം കൊണ്ട് ആവശ്യക്കാരായ എല്ലാ കുടുംബങ്ങള്‍ക്കും സോക് പിറ്റ്, കമ്പോസ്റ്റ് പിറ്റ് എന്നിവ നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ നീര്‍തോടുകളും ശുചിയാക്കും.
എണ്ണൂറാം വയലില്‍ പുതിയ കുളം നിര്‍മാണം, നിലവിലുള്ള കുളങ്ങളുടെ സംരക്ഷണം, സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി, വൃക്ഷതൈ നടീല്‍ എന്നീ പദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. വി. വര്‍ക്കി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി കൈപ്പുഴ, ടി. കെ രാജന്‍, ജോയി ജോസഫ്, പ്രസന്ന ടീച്ചര്‍, എലിസബത്ത് തോമസ്, രാജി വിജയകുമാര്‍, സജി കൊട്ടാരം, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷൈജു എന്നിവര്‍ പങ്കെടുത്തു.