പത്തനംതിട്ട: വീട്ടിലെത്തി ക്ഷീരകർഷകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വെറ്ററിനറി ഡോക്ടർ വിജിലൻസിന്റെ പിടിയിലായി. റാന്നി പെരുനാട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ബിനോയ് ചാക്കോയെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പെരുനാട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇൻഷുറൻസ് ചെയ്ത പശുക്കൾക്കുള്ള രേഖകൾ ശരിയാക്കി നൽകുന്നതിനാണ് പണം ആവശ്യപ്പെട്ടത്. ഇൻഷ്വർ ചെയ്യുന്നതിനായി പശുവിന്റെ ചെവിയിൽ ടാഗ് ചെയ്ത ശേഷം രേഖ ശരിയാക്കി നൽകുന്നതിനായി കഴിഞ്ഞ് രണ്ടിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇന്ന് വരാമെന്നും ഒരു പശുവിനെ 300 രൂപ വെച്ച് കൈക്കൂലിയായി നൽകണമെന്നും ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കാര്യം ക്ഷീരകർഷക വിജിലൻസ്
യൂണിറ്റിനെ അറിയിച്ചു. വിജിലൻസ് കെണിയൊരുക്കി. പരാതിക്കാരിയുടെ വീട്ടിൽ വച്ച് 10 പശുക്കളെ ടാഗ് ചെയ്ത് ഇൻഷ്വറൻസ് പേപ്പർ ശരിയാക്കി നൽകിയ ശേഷം കൈക്കൂലിയായി 2500 രൂപ വാങ്ങവേ ഡോക്ടറെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. ഒക്ടോബർ 21ന് പരാതിക്കാരിയുടെ ചത്തുപോയ പശുവിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഇതേ ഡോക്ടർ 2,500 രൂപ കൈക്കൂലിയായി ചോദിച്ച് വാങ്ങിയിരുന്നു. വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർമാരായ അഷറഫ്, രാജീവ്, അനിൽകുമാർ സബ് ഇൻസ്പെക്ടർമാരായ ആർ.അനിൽ, അസി. സബ് ഇൻസ്പെക്ടർമാരായ ഷാജി, രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.