കോട്ടയം : വസ്തു തർക്കത്തെ തുടർന്ന് സഹോദരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. പുല്ലരിക്കുന്ന് സ്വദേശിയായ പ്രമോദിനെയാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി അഞ്ച് ജഡ്ജി സനു എസ്. പണിക്കർ വിട്ടയച്ചത്. 2020 സെപ്റ്റംബർ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. പുല്ലരിക്കുന്ന് സ്വദേശിയായ പ്രതി സഹോദരനുമായുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. സഹോദരൻ പ്രകാശിനെ പ്രതിയായ പ്രമോദ് തവി ഉപയോഗിച്ച് ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പ്രകാശിന്റെ മൊഴിയെടുത്താണ് പൊലീസ് കേസെടുത്തത്. തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതിയെ വിട്ടയച്ചു. പ്രതിയ്ക്ക് വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി, ഷാമോൻ എന്നിവർ ഹാജരായി.