കോട്ടയം: പുതുപ്പള്ളിയിൽ യുഡിഎഫിന് വേണ്ടത് ഉമ്മൻചാണ്ടി ഇഫക്ടാണെങ്കിൽ, മണ്ഡലത്തിലെ വികസനം ചർച്ചയാക്കി മാറ്റി വോ്ട് നേട്ടാൻ തയ്യാറെടുക്കുകയാണ് എൽഡിഎഫ്. മണ്ഡലത്തിൽ ഉമ്മൻചാണ്ടി എന്ന പേര് മാത്രം വൈകാരകമായി ഉപയോഗിച്ച് വിജയം ഉറപ്പിക്കാനാണ് യുഡിഎഫ് ഇറങ്ങുന്നത്. മകൻ ചാണ്ടി ഉമ്മൻ തന്നെ സ്ഥാനാർത്ഥിയായതോടെ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ഇഫക്ട് കൂടുതൽ സജീവമാക്കി നില നിർത്താമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടിയെ തന്നെ മുന്നിൽ നിർത്തിയിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കാണ് യുഡിഎഫ് നേതൃത്വം നൽകുന്നത്.
മുൻമന്ത്രിമാരും ഉമ്മൻചാണ്ടിയുടെ വിശ്വസ്തരുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും, കെ.സി ജോസഫുമാണ് പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുന്നത്. 53 വർഷത്തോളം ഉമ്മൻചാണ്ടി നയിച്ച പുതുപ്പള്ളിയിൽ മകൻ മത്സരിക്കുമ്പോൾ വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് നേതൃത്വം കണക്ക് കൂട്ടുന്നത്. ഇത്തരത്തിൽ മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും പരിചയമുള്ള ചാണ്ടി ഉമ്മനെ രംഗത്തിറക്കുന്നത് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് നേതൃത്വം കണക്ക് കൂട്ടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ജെയ്ക് സി.തോമസിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് സിപിഎം ജില്ലാ നേതൃത്വത്തിന് താല്പര്യമില്ല. റെജി സഖറിയയുടെ പേരാണ് സിപിഎം നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്. ഇത് കൂടാതെ സിപിഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസിന്റെ പേരും സിപിഎം ജില്ലാ കമ്മിറ്റി നിർദേശിക്കുന്നു. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് നൽകിയ പട്ടിക സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ചർച്ച ചെയ്യും. ഇതിനു ശേഷം രണ്ട് ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം ഉണ്ടാകും.
ഇതിനിടെ മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിലാണ് സിപിഎം പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തുന്നത്. മന്ത്രി തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മണ്ഡലത്തിലെ വികസനം തന്നെയാണ് സിപിഎമ്മും എൽഡിഎഫും പ്രചാരണ ആയുധമാക്കുന്നത്. കഴിഞ്ഞ 50 വർഷമായി മണ്ഡലത്തിൽ ചിലവഴിച്ച എംഎൽഎ ഫണ്ടിന്റെ കഥ ഇതിനോടകം തന്നെ ചർച്ചാ വിഷയമായി കഴിഞ്ഞിട്ടുണ്ട്. ഇത് മുന്നിലേയ്ക്ക് എടുത്ത് വച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് എൽഡിഎഫ് നീക്കം.