കോട്ടയം : കിടങ്ങൂർ പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി ജെ പി -യു ഡി എഫ് ധാരണ. ബി ജെ പി അംഗങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരസ്യമായി വോട്ട് ചെയ്തു. യുഡിഎഫിലെ തോമസ് മാളിയേക്കൽ പഞ്ചായത്ത് പ്രസിഡന്റായി. നിലവിൽ ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായിരുന്നു ഭരണം. കിടങ്ങൂരിൽ പി ജെ ജോസഫ്. ബിജെപി ധാരണയെന്നാണ് സിപിഎം നേരത്തെ ആക്ഷേപിച്ചിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിക്കാൻ കഴിയാത്തതും കിടങ്ങൂരിൽ ബി ജെ പി യുഡിഎഫ് ധാരണയും പുതുപ്പള്ളിയിൽ ചർച്ചാ വിഷയം ആയിക്കഴിഞ്ഞു.
ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ധാരണ അനുസരിച്ച് ആദ്യത്തെ രണ്ടര വർഷം കേരള കോൺഗ്രസ് എമ്മിനും അടുത്ത രണ്ടര വർഷം സി പിഎമ്മിനും പ്രസിഡൻറ് സ്ഥാനം ലഭിക്കും. സിപിഎമ്മിനും കേരള കോൺഗ്രസ് എമ്മിനും നിലവിൽ ഏഴ് സീറ്റുമുണ്ട്. ബിജെപി അഞ്ചും കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം മൂന്നും എന്നതാണ് സീറ്റ് നില. നിലവിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗവും ബി ജെ പി യും ഒന്നിച്ച് ഭരണ സമിതിയെ അട്ടിമറിച്ചതായാണ് ആരോപണം. ബി ജെ പി യുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ പോരാടുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് അണിയറയിൽ ബി ജെ പി യുമായി സഖ്യം ഉണ്ടാക്കുന്ന യു ഡി എഫ് നേതൃത്വത്തിന്റെ പൊള്ളതരങ്ങൾ വെളിച്ചത്ത് വരുകയാണെന്നും ഇടതു നേതാക്കൾ ആരോപിക്കുന്നു.