പുതുച്ചേരി: മാൻഹോളിലൂടെയുള്ള വിഷവായു ശ്വസിച്ച് മൂന്ന് മരണം. അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം.വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവായു പുറത്തേക്ക് വന്നത്. രണ്ട് സ്ത്രീകളും 15 വയസുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച രണ്ടുപേർ ഇപ്പോള്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ 72 വയസുള്ള ശെന്താമരൈ എന്ന സ്ത്രീ കുഴഞ്ഞുവീണു. പിന്നാലെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ അവരുടെ മകള്‍ കാമാക്ഷിയും വിഷബാധ ശ്വസിച്ച് അബോധാവസ്ഥയിലായി. തുടർന്ന് ശബ്ദം കേട്ട് വീടിന് പുറത്തുണ്ടായിരുന്ന പെണ്‍കുട്ടിയും ഓടിയെത്തി. കുഴഞ്ഞുവീണ മൂന്നുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചിരുന്നു. മരിച്ച കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടില്ല.റെഡ്ഡിപാളയം, പുതുനഗർ മേഖലകളിലെ മുഴുവൻ മാൻഹോളുകളും തുറന്ന് പരിശോധിക്കുകയാണ്. പ്രദേശത്ത് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്നും വൃദ്ധരായ ആളുകളെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. ലൗഡ്സ്പീക്കറുകളിലൂടെ ആളുകള്‍ക്ക് ജാഗ്രതാ നിർദേശം നല്കിക്കൊണ്ടിരിക്കുകയാണ്. വീടിനുള്ളില്‍ ഇരിക്കുന്നവരോട് മാസ്ക് ധരിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
സ്ഥലത്ത് ഉടൻതന്നെ മെഡിക്കല്‍ ക്യാമ്പ് സജ്ജീകരിച്ച് എല്ലാവർക്കും ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി അത്യാവശ്യ ചികിത്സ നല്‍കിത്തുടങ്ങി. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിന്റെ ഞെട്ടലിലാണ് സ്ഥലത്തെ താമസക്കാർ. ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാല്‍ തന്നെ വലിയ ആശങ്കയാണ് പ്രദേശത്ത് ഉയരുന്നത്.