പുതുപ്പള്ളി വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് 5, 6, 7, 8 തീയതികളിൽ

കോട്ടയം : ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് 5, 6, 7, 8 തീയതികളിൽ ഭക്തിപൂർവ്വം ആചരിക്കുന്നു.

Advertisements

പുതുപ്പള്ളി പെരുന്നാൾ ഒരു ക്രൈസ്തവ ആഘോഷം എന്നതിലുപരി നാനാജാതി മതസ്ഥർ ഒത്തുകൂടുന്ന മഹത്തായ കൂട്ടായ്മയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു നാടിന്റെ ദേശീയമായ ആഘോഷമാണ്. കൊടിമരമിടീൽ, വിറകിടിൽ ,അരിയിടീൽ , ദീപക്കാഴ്ച, വെച്ചൂട്ട്, കോഴിനേർച്ച, പ്രദക്ഷിണം അങ്ങനെ ഭാരതീയവും തദ്ദേശീയവുമായ ചില പരമ്പരാഗതമായ ആചാരങ്ങൾ പുതുപ്പള്ളി പെരുന്നാളിന്റെ പ്രത്യേകതയാണ്.

പെരുന്നാൾ കൊടിമര ഘോഷയാത്ര ഏപ്രിൽ 28നാണ്. അഭിവന്ദ്യ ഡോ. സക്കറിയ മാർ സേവേറി യോസ് മെത്രാപ്പൊലീത്ത കൊടിയേറ്റുന്നു.

30ന് 2ന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഈ വർഷത്തെ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി പള്ളി ഇടവകാംഗവുമായ ബീ. ഉമ്മൻചാണ്ടിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നൽകി ആദരിക്കും.

സമ്മേളനത്തിൽ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് അദ്ധ്യക്ഷത വഹിക്കും. സാംസ്കാരിക-സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ,സഭാ സാരഥികൾ, സാംസ്കാരിക നായകൻമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

പുതുപ്പള്ളി കൺവൻഷൻ മെയ് 1, 2, 3, 4, 5 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ ഉണ്ടായിരിക്കും. മെയ് 6 നാണ് തീർത്ഥാടന സംഗമം .

കേരളത്തിന്റെ നാനാഭാഗത്തുനിന്നും, അന്യസംസ്ഥാനങ്ങ ളിൽ നിന്നും തീർത്ഥാടകർ പുതുപ്പള്ളി പള്ളിയിൽ എത്തിച്ചേരുന്നു. വൈകുന്നേരം 6 ന് കൊച്ചാലുംമൂട്, പാറയ്ക്കൽ കടവ്, വെട്ടത്തുകവല, കാഞ്ഞിരത്തിൻ മൂട് , കൈതമറ്റം, കൊച്ചക്കാല തുടങ്ങിയ സ്ഥലങ്ങളിലെ കുരിശടികളിൽ നിന്നും പള്ളിയിലേയ്ക്ക് പ്രദക്ഷിണവും വി. ഗീവർഗീസ് സഹദാ അനുസ്മരണവും ഉണ്ടാവും.

മെയ് 7ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്കുശേഷം പൊന്നിൻ കുരിശ് ദർശനത്തിന് പ്രധാന ത്രോണോസിൽ പരിശുദ്ധ കാതോലിക്കാ ബാവാ സ്ഥാപിക്കും. 2 മണിക്കാണ് വിറകിടിൽ ചടങ്ങ്

4ന് പന്തിരുനാഴി ആഘോഷപൂർവ്വം പുറത്തെടുക്കും. വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ പെരുന്നാൾ സന്ധ്യാനമസ്കാരം 6.30 ന് നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവല ചുറ്റിയുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, പൊന്നിൻ കുരിശും അകമ്പടിയായി 101 വെള്ളി കുരിശും, ആയിരക്കണക്കിന് മുത്തുക്കുടകളും പ്രദക്ഷിണത്തിൽ ഉണ്ടാകും. രാത്രിയിൽ ആകാശ വിസ്മയ കാഴ്ചയും അഖണ്ഡ പ്രാർത്ഥനയും .

വലിയപെരുന്നാൾ ദിനമായ മെയ് 8ന് വെളുപ്പിന് 3ന് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടീൽ കർമ്മം . രാവിലെ 5ന് 8 മണിക്കും രണ്ട് വിശുദ്ധ കുർബാന ഉണ്ടാകും രണ്ടാമത്തേത് അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ. ഒമ്പതിന്മേൽ കുർബ്ബാനയാണ്. തുടർന്നാണ് വെച്ചൂട്ട് നേർച്ച സദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും.

പെരുന്നാളിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഭക്ഷണം വിളമ്പുന്ന വിശിഷ്ട കർമ്മമാണ് വെച്ചൂട്ട്. കുട്ടികൾക്ക് ആദ്യമായി ചോറ് കൊടുക്കാൻ അനേകം മാതാപിതാക്കൾ ഈ ദിവസം പള്ളിയി ലെത്താറുണ്ട്. കുട്ടികളില്ലാതിരുന്ന ദമ്പതികൾ പ്രാർത്ഥനയിലൂടെ തങ്ങൾക്ക് ലഭ്യമായ കുട്ടികളെ ഈ ചടങ്ങിൽ പങ്കെടുപ്പിക്കുന്നു. ഉച്ചയ്ക്കുശേഷം 2 മണിക്ക് ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം. പൊന്നിൻകുരിശും അകമ്പടിയായി അനേകം വെള്ളിക്കുരിശും ആയിരക്കണക്കിന് മുത്തുക്കുടകളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രദക്ഷിണങ്ങളിലൊന്നാണ്.

4ന് അപ്പവും, പാകപ്പെടുത്തിയ കോഴിയിറച്ചിയും നേർച്ചയായി ഭക്തർക്ക് നൽകും. അതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കുമെങ്കിലും മെയ് 23-ാം തീയതി കൊടിയിറങ്ങുന്നതുവരെ പള്ളിയിൽ ഗീവറുഗീസ് സഹദായുടെ സാന്നിദ്ധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. പ്രത്യേകം മധ്യസ്ഥപ്രാർത്ഥനയും ഉണ്ടായിരിക്കും.

Hot Topics

Related Articles