ഓസ്കാർ അവാർഡ് നാം വീട്ടിലേക്ക് കൊണ്ടു വരുന്നു…ഇന്ത്യൻ സിനിമ എന്ന നിലയിൽ നമ്മൾ വിജയിച്ചു… ഓസ്കാർ നേട്ടത്തിൽ രാം ചരൺ
ഓസ്കാർ അവാർഡ് നാം വീട്ടിലേക്ക് കൊണ്ടുവരുന്നു, ഇന്ത്യൻ സിനിമ എന്ന നിലയിൽ നമ്മൾ വിജയിച്ചെന്ന് നടൻ രാം ചരൺ. നാട്ടു നാട്ടു എന്ന ഗാനത്തിന് ഒറിജിനൽ സോങ് വിഭാഗത്തിൽ ഓസ്കാർ അവാർഡ് ലഭിച്ച വേളയിലാണ് രാം ചരണിന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംവിധായകൻ രാജമൗലിക്കും സംഗീത സംവിധായകൻ കീരവാണിക്കും ഗായകർക്കും കൊറിയോഗ്രാഫറിനും ജൂനിയർ എൻടിആറിനും ആലിയാ ഭട്ടിനും മറ്റുള്ള അണിയറപ്രവർത്തകർക്കും രാം ചരൺ നന്ദി അർപ്പിച്ചു.
‘‘നമ്മൾ വിജയിച്ചു. ഇന്ത്യൻ സിനിമ എന്ന നിലയിൽ നമ്മൾ വിജയിച്ചു. ഒരു രാജ്യമെന്ന നിലയിൽ നമ്മൾ വിജയിച്ചു. ഓസ്കാർ അവാർഡ് നാം വീട്ടിലേക്ക് കൊണ്ടുവരുന്നു. നമ്മുടെയും ഇന്ത്യക്കാരുടെയും ജീവിതത്തിലെ ഏറ്റവും സവിശേഷമായ സിനിമയായി ആർആർആർ എന്നും നിലനിൽക്കും. ഓസ്‌കർ അവാർഡ് നേടിയതിന് എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും എനിക്ക് മതിയാകില്ല. ഞാനൊരു സ്വപ്നത്തിൽ ജീവിക്കുന്നതായിട്ടാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്. നിലയ്ക്കാത്ത പിന്തുണയ്ക്കും സ്നേഹത്തിനും എല്ലാവർക്കും നന്ദി. എസ്.എസ്. രാജമൗലിയും കീരവാണിയും നമ്മുടെ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ തന്നെ ഏറ്റവും വിലപ്പെട്ട രത്നങ്ങളാണ്.
ഈ മാസ്റ്റർപീസിന്റെ ഭാഗമാകാൻ എനിക്ക് അവസരം നൽകിയതിന് രണ്ടുപേർക്കും നന്ദി. നാട്ടു നാട്ടു ലോകമെമ്പാടുമുള്ള ഒരു വികാരമാണ്. ഗാനരചയിതാവ് ചന്ദ്രബോസ്, ഗായകരായ രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവർക്കും നന്ദി. ഈ വികാരം ഒരുമിച്ച് കൊണ്ടുവന്നതിന് കൊറിയോഗ്രാഫർ പ്രേം രക്ഷിതിന് നന്ദി. എന്റെ സഹനടനായ താരകിനോട് നന്ദി… സഹോദരാ! നിങ്ങളോടൊപ്പം നൃത്തം ചെയ്യാനും റെക്കോർഡുകൾ സൃഷ്ടിക്കാനും ഞാൻ വീണ്ടും ആഗ്രഹിക്കുന്നു. ഏറ്റവും മനോഹരമായി എന്റെ സഹനടിയായതിന് ആലിയ ഭട്ടിന് നന്ദി. ഈ അവാർഡ് എല്ലാ ഇന്ത്യൻ നടന്മാർക്കും സാങ്കേതിക വിദഗ്ധർക്കും സിനിമാ പ്രേക്ഷകർക്കും അവകാശപ്പെട്ടതാണ്. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും ലോകമെമ്പാടുമുള്ള എല്ലാ ആരാധകർക്കും എന്റെ ഹൃദയംഗമമായ നന്ദി. ഇത് നമ്മുടെ രാജ്യത്തിന്റെ വിജയമാണ്. ’’–രാം ചരൺ കുറിച്ചു.