പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രി രോഗീ സൗഹൃദ ആശുപത്രിയാക്കുന്നതിന്റെ ഭാഗമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 93 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എന്‍എച്ച്എം മുഖേന ഒ.പി വിഭാഗത്തിന്റെ നവീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഒ.പി കൗണ്ടറിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ടോക്കണ്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രൈമറി സെക്കന്‍ഡറി വിഭാഗത്തിലായി രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങളും നിര്‍മ്മിക്കും. ഒ.പി വിഭാഗത്തില്‍ എത്തുന്ന രോഗികളുടെ പരിശോധനയ്ക്ക് സ്വകാര്യത ഉറപ്പാക്കും. പുതിയ ലാബും ഫാര്‍മസി സൗകര്യവും ഏര്‍പ്പെടുത്തുന്നതിന് പുറമേ ഇവിടെ എത്തുന്നവര്‍ക്ക് പ്രത്യേക കാത്തിരിപ്പ് കേന്ദ്രവും സജ്ജീകരിക്കും. രോഗികളോടൊപ്പം എത്തുന്ന കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമിക്കുന്നത് കാത്തിരിപ്പുകേന്ദ്രം ഉണ്ടായിരിക്കും. ഒ.പി യില്‍ എത്തുന്ന രോഗികള്‍ക്കായി പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മ്മിക്കും. ഇതോടൊപ്പം ഒ.പി വിഭാഗം പെയിന്റ് ചെയ്ത് മനോഹരമാക്കും. കേരള സംസ്ഥാന ഹൗസിംഗ് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല.