ആലപ്പുഴ: കരുവാറ്റയിലും തെക്കനാര്യാട് തലവടിയിലും റേഷൻ ധാന്യങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ കലക്ടർക്ക് റിപ്പോർട്ട് നൽകിയില്ല. അവധി ദിനങ്ങൾക്കു ശേഷം ഇന്നലെ റിപ്പോർട്ട് നൽകുമെന്നാണ് അറിയിച്ചിരുന്നത്. ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട് വൈകുന്നതാണ് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനെ ബാധിച്ചത്.
കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപം മുജീബിന്റെ ഷെഡിൽ നിന്നു കണ്ടെത്തിയ 1400 കിലോഗ്രാം റേഷൻധാന്യങ്ങൾ ക്വാളിറ്റി കൺട്രോളർ പരിശോധിച്ച് റിപ്പോർട്ട് നൽകിയില്ല. 6 മാസത്തിനുള്ളിൽ മൂന്നാം തവണയാണ് ഒരേ സ്ഥലത്തു നിന്ന് റേഷൻധാന്യം പിടിച്ചെടുത്തത്. എന്നിട്ടും ഷെഡ് ഉടമയ്ക്കെതിരെ നടപടികളൊന്നും ഇല്ലെന്നിരിക്കെയാണ് ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട് വൈകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെക്കനാര്യാട് തലവടിയിൽ നിന്ന് പിടിച്ചെടുത്ത റേഷൻധാന്യങ്ങളുടെ റിപ്പോർട്ട് ജില്ലാ സപ്ലൈ ഓഫിസർക്ക് സമർപ്പിച്ചെങ്കിലും വേണ്ടത്ര ആധികാരികത റിപ്പോർട്ടിനില്ല. പിടിച്ചെടുത്ത ധാന്യം റേഷൻധാന്യത്തോട് സമാനമെന്നും റേഷൻ വിതരണത്തിനുള്ളതാണെന്ന് ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്നുമാണ് ക്വാളിറ്റി കൺട്രോളർ റിപ്പോർട്ട് നൽകിയത്.
അടച്ചിട്ടിരുന്ന കടമുറിയിൽ നിന്ന് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ 62 ചാക്ക് ഭക്ഷ്യധാന്യമാണ് പിടിച്ചെടുത്തത്. കടയുടമയുടെ അസാന്നിധ്യത്തിൽ കടമുറി പൂട്ടി സീൽ ചെയ്തു. സിവിൽ സപ്ലൈസ് അധികൃതർ ആവശ്യപ്പെട്ടത് അനുസരിച്ച് കടയുടമ ജിഎസ്ടി ബിൽ ഹാജരാക്കിയിരുന്നു.
ജില്ലയിൽ റേഷൻ ധാന്യക്കടത്ത് പിടികൂടുന്നത് സ്ഥിരം സംഭവമാകുമ്പോൾ പിടിച്ചെടുക്കുന്ന ധാന്യം പരിശോധിച്ച് റേഷൻ വിതരണത്തിനുള്ളതാണെന്ന് ഉറപ്പാക്കാൻ ഒരു ക്വാളിറ്റി കൺട്രോളറാണ് ഉള്ളത്. പിടിച്ചെടുക്കുന്ന ധാന്യം റേഷൻധാന്യത്തോട് സാമ്യമുള്ളതാണെന്നാണ് പലപ്പോഴും റിപ്പോർട്ട് ലഭിക്കുക. ജില്ലയിൽ തുടർച്ചയായി റേഷൻ കടത്ത് പിടിക്കുന്നുണ്ടെങ്കിലും വലിയ അളവിൽ പിടിക്കുന്നതിനു മാത്രമാണ് നടപടിയുണ്ടാകുക.