പത്തനംതിട്ട: റാന്നി കീക്കൊഴൂരിൽ കൊല്ലപ്പെട്ട രജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ അതുലിനൊപ്പം കഴിഞ്ഞ അഞ്ചുവർഷമായി രജിത ഒന്നിച്ച് താമസിക്കുകയാണ്. എന്നാൽ ഇവർ നിയമപരമായി വിവാഹിതരായിരുന്നില്ല. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചാണ് രജിത അതുലിനൊപ്പം ജീവിക്കാൻ തുടങ്ങിയത്.
രജിതയുടെ ആദ്യ ഭർത്താവ് ജോലിക്കായി ഗൾഫിൽ പോയ സമയത്താണ് അതുലുമായി അടുക്കുന്നത്. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ച് അതുലിനൊപ്പം താമസം തുടങ്ങി. ഇതിനിടെ രജിതയും വിദേശത്തേക്ക് പോയി. എന്നാൽ അതുലിന്റെ നിർബന്ധത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തി. ഈ ബന്ധത്തിൽ ഇവർക്കൊരു കുട്ടിയുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമീപകാലത്ത് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണതോടെ രജിത സ്വന്തം വീട്ടിലേക്ക് താമസം മാറി. ഇതിൽ അതുൽ അസ്വസ്ഥനായിരുന്നു. അതുൽ ഉപദ്രവിക്കുകയാണെന്നാരോപിച്ച് രജിത പൊലീസിൽ പരാതി നൽകിയതോടെ അതുലിന് രജിതയോട് എതിർപ്പ് വർധിച്ചു.
പത്തനാപുരത്ത് വെച്ച് അതുൽ രജിതയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ഈ ദൃശ്യങ്ങൾ രജിതയുടെ അമ്മക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്നാണ് രജിത പൊലീസിനെ സമീപിക്കുന്നത്. ഇയാൾക്കെതിരെ രജിത പൊലീസിൽ പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അതുൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. രജിതയെ അക്രമിക്കുന്നതിനിടെ ഇയാൾക്കും കാര്യമായ പരിക്കേറ്റെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെയാണ് ഇയാൾ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ വി.എ. രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു (18) എന്നിവർക്കും വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.