തലയോലപറമ്പ്: തലയോലപറമ്പ് പോസ്റ്റ് ഓഫിസിലെ പൂട്ടു തകർത്ത് ഓഫിസിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. ഓഫിസുമായി ബന്ധപ്പെട്ട്16500 രൂപ അപഹരിക്കപ്പെട്ടതായി വൈക്കം പോസ്റ്റൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ അരുൺ പണിക്കർ പറഞ്ഞു. ഇതിനു പുറമെ മറ്റൊരു ജീവനക്കാരി മേശയിൽ സൂക്ഷിച്ചിരുന്ന 60000ത്തോളം രൂപ അപഹരിക്കപ്പെട്ടതായി വിവരമുണ്ട്.
ശനിയാഴ്ച രാവിലെ പോസ്റ്റ് ഓഫിസ് തൂത്തുവാരാനെത്തിയ ജീവക്കാരിയാണ് ഓഫിസിന്റെ പുറകിലെ വാതിലുകളുടെ പൂട്ടു തകർന്നു കിടക്കുന്ന നിലയിൽ കണ്ടത്. ഇവർ ഉടൻ തലയോലപറമ്പ് പോസ്റ്റ് മിസ്ട്രസ് വി എം മിനിയെ വിവരമറിയിച്ചു. പോസ്റ്റ് മിസ്ട്രസ് വിവരമറിയിച്ചതിനെ തുടർന്നാണ് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പോസ്റ്റ്ഓഫിസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. ഓഫിസിനുള്ളിലെ ഫയലുകളും തപാൽ ഉരുപ്പടികളും വലിച്ചു വാരി തറയിൽ ഇട്ട നിലയിലാണ്. ലോക്കർ തകർക്കാൻ ശ്രമം നടന്നെങ്കിലും വിഫലമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്ഓഫിസിനുള്ളിൽ കയറി മണം പിടിച്ച പോലിസ് നായ ഓഫിസിന്റെ പുറകിലൂടെ ചുറ്റിക്കറങ്ങി തലയോലപറമ്പ് സെൻട്രൽ ജംഗ്‌ഷനിലെ ബസ് സ്റ്റോപ്പിലെത്തിയശേഷം വൈക്കം ഭാഗത്തേക്കുള്ള റോഡിലൂടെ നുറു മീറ്ററോളം പോയി സമീപത്തെ ഷട്ടറില്ലാത്ത കടമുറിയിൽ കയറി നിന്നു. മോഷണത്തിനു ശേഷം മോഷ്ടാക്കൾ തലയോലപറമ്പ് പോലിസ് സ്റ്റേഷന് സമീപത്തെ പ്രവർത്തനമില്ലാത്ത കടമുറിയിൽ കയറി നിന്നിട്ടുണ്ടാകാമെന്നാണ് പോലിസ് നിഗമനം. പോസ്റ്റ് ഓഫിസിനു സമീപത്തെ ബാങ്കുകളുടെയും വ്യാപാര സ്ഥാപനങ്ങളുടേയും സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോലിസ് പരിശോധിച്ചു വരികയാണ്. തലയോലപ്പറമ്പ് എസ് എച്ച് ഒ ബിൻസ് ജോസഫ് , എസ് ഐ പി എസ് സുധീരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്.