തിരൂർ : രൂപ സാദൃശ്യത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ തെളിഞ്ഞത് തിരൂരിലെ ചെരുപ്പുകടയിലെ കവര്‍ച്ച. മുൻ ജീവനക്കാരൻ നിസാമുദ്ധീൻ ആണ് പിടിയിലായത്. കടയില്‍ നിന്നും കവര്‍ന്ന 904810 രൂപ നിസാമുദ്ദീന്റെ വീട്ടിലെ അടുക്കളയുടെ റാക്കിന് മുകളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.തിരൂര്‍ പൂങ്ങോട്ടുകുളത്തെ സീനത്ത് ലെതര്‍ പ്ലാനറ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു കവര്‍ച്ചയുണ്ടായത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഷോപ്പ് പൂട്ടിപ്പോയ ജീവനക്കാര്‍ വെള്ളിയാഴ്ച ഷോപ്പ് തുറന്നപ്പോഴാണ് കവര്‍ച്ചാ വിവരം അറിയന്നത്. ഓഫിസ് മുറിയുടെ ഗ്ലാസ് തകര്‍ക്കപ്പെട്ടത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കവര്‍ച്ച മനസിലായത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓഫിസ് മുറിയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പണവും സെയില്‍സ് കൗണ്ടറിലെ ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായെന്ന് കണ്ടെത്തി. ഓഫിസ് മുറിയിലുണ്ടായിരുന്ന സിസിടിവിയുടെ ഡിവിആര്‍ ഉള്‍പ്പടെയുള്ളവയും കവര്‍ന്നിരുന്നു. കേസില്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് കവര്‍ച്ച നടത്തിയ മുൻ ജീവനക്കാരൻ കോലൂപാലം സ്വദേശി കുറ്റിക്കാട്ടില്‍ നിസാമുദ്ധീനെ പൊലീസ് പിടികൂടിയത്.സീനത്ത് ലെതര്‍ പ്ലാനറ്റിനു സമീപത്തെ ഷോപ്പിന്റെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്. രൂപ സാദൃശ്യത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നിസാമുദ്ധീൻ കുറ്റം സമ്മതിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെളിവ് നശിപ്പിക്കാനായി കവര്‍ന്ന സിസിടിവി ഡിവിആര്‍ പുഴയില്‍ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. ഇതനുസരിച്ച് പുഴയില്‍ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല.സി ഐ എം ജെ ജിജോയുടെ നേതൃത്വത്തില്‍ എസ് ഐ കെ പ്രദീപ്കുമാര്‍, സി പി ഒ ഷിജിത്ത്, ഉണ്ണിക്കുട്ടൻ, ഹിരണ്‍ എന്നിവരടങ്ങുന്ന സംഘമാണ് കവര്‍ച്ച് നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി പൊലീസിന്റെ അഭിമാനമായത്. അന്ന് രാത്രി തന്നെ നിസാമുദ്ധീനെ സീനത്ത് ലെതര്‍ പ്ലാനറ്റിലെത്തിച്ച് തെളിവെടുത്തിരുന്നു. രാവിലെ മെഡിക്കല്‍ പരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കി. വൈകിട്ട് മൂന്നരയോടെ തിരൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.