ശബരിമല : ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതം മൂലം മരണപ്പെടുന്ന തീർത്ഥാടകരുടെ എണ്ണം ഇക്കുറി ഉയരുന്നു. ശബരിമല ദർശനത്തിന് എത്തിയ 22 തീർത്ഥാടകരാണ് മണ്ഡല പൂജയ്ക്ക് നട തുറന്ന് വെള്ളിയാഴ്ച വരെയുള്ള കാലയളവിൽ പമ്പയിൽ നിന്നുള്ള ശരണപാതയിലും സന്നിധാനത്തുമായി മരിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ അവഗണിച്ച് വിശ്രമം ഇല്ലാതെയുള്ള മലകയറ്റമാണ് ഇത്തരം സാഹചര്യങ്ങൾക്ക് വഴിയൊരുക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഈ തീർത്ഥാടന കാലം തുടങ്ങി ശനിയാഴ്ച വരെ 98 തീർത്ഥാടകരാണ് ഹൃദ്രോഗബാധയെ തുടർന്ന് സന്നിധാനത്തെയും , നീലിമലയിലെയും , പമ്പയിലെയും ആശുപത്രികളിൽ ചികിത്സ തേടിയത്.
പമ്പ സന്നിധാനം നീലിമല പാത കയറുന്നതിനിടയിലും അപ്പാച്ചിമേട്ടിൽ വച്ചുമാണ് അധികം പേർക്കും ഹൃദ്രോഗ ബാധ ഉണ്ടായത്. മരണമടഞ്ഞ 22പേരിൽ അധികവും മധ്യവയസ്കരാണ്. ഹൃദ്രോഗ ബാധയെ തുടർന്ന് മരണമടഞ്ഞവരിൽ 19 പേർക്കും അടിയന്തര ചികിത്സ നൽകിയിരുന്നു . രോഗബാധ ഉണ്ടായാൽ 5 മുതൽ 10 മിനിറ്റിനകം ചികിത്സ ലഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളാണ് ശബരിമല പാതയിൽ ഒരുക്കിയിട്ടുള്ളത്. രക്തധമനികളിലെ ബ്ലോക്ക് അലിയിച്ച് കളയുന്നതിന് ആവശ്യമായ സംവിധാനം പമ്പ, നീലിമല, സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ധരുടെ 24 മണിക്കൂർ സമയ സേവനവും ആശുപത്രികളിൽ ലഭ്യമാണ്. പ്രാഥമിക ചികിത്സക്ക് ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കോ, കോട്ടയം മെഡിക്കൽ കോളജലേക്കോ മാറ്റാനുള്ള സൗകര്യവും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. മുൻ കരുതലുകൾ ഇല്ലാതെ വേഗത്തിൽ മല കയറുന്നതും , ആഹാരം കഴിച്ച ഉടനുള്ള മലകയറ്റവും ഹൃദ്രോഗ ബാധക്ക് കാരണമാകുന്നു എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ . ഹൃദ്രോഗബാധ ഉള്ളവരും മറ്റ് ആരോഗ്യ പ്രശ്നം ഉള്ളവരും ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് വേണം ശബരിമല യാത്ര നടത്തേണ്ടതെന്ന് സന്നിധാനം മെഡിക്കൽ ഓഫീസർ ഡോ. അരുൺ പറഞ്ഞു.
മലകയറ്റത്തിനിടെ ഹൃദയാഘാതത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി
Advertisements