ശബരിമല: അയ്യപ്പ സ്വാമിക്ക് ഇന്ന് 18001 നെയ്‌ത്തേങ്ങയുടെ നെയ്യഭിഷേകം. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബെംഗളൂരു സ്വദേശിയായ തീര്‍ഥാടകനാണ് അപൂര്‍വമായ വഴിപാട് നടത്തുന്നത്. പമ്പ ഗണപതി ക്ഷേത്രത്തിലാണ് വഴിപാടിനാവശ്യമായ നെയ്‌ത്തേങ്ങ നിറച്ചത്. ഇതിനായി 2000 ലീറ്റര്‍ നെയ്യ് ചിലവാക്കി. ഇരുമുടിക്കെട്ടില്‍ ഇത്രയും തേങ്ങ ചുമന്നു കയറ്റാന്‍ കഴിയാത്തതിനാല്‍ ട്രാക്ടര്‍ മാര്‍ഗമാണ് ഇന്നലെ സന്ധ്യയോടെ സന്നിധാനത്തെത്തിച്ചത്.
നെയ്‌ത്തേങ്ങ പൊട്ടിച്ച് അതിലെ നെയ്യ് വലിയ രണ്ട് ചെമ്പുകളില്‍ നിറയ്ക്കുന്ന ജോലികള്‍ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 4.30ന് ഇതിലെ നെയ്യ് അയ്യപ്പ സ്വാമിക്ക് അഭിഷേകം ചെയ്യും. ഇതിനുള്ള അഭിഷേക ടിക്കറ്റിനു മാത്രമായി ദേവസ്വം ബോര്‍ഡില്‍ 18 ലക്ഷം രൂപ അടച്ചു. ഇതേ ഭക്തന്റെ വഴിപാടായി ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പടിപൂജയും നടന്നു.