സ്പോർട്സ് ഡെസ്ക് : പ്രതിയോഗികളെ തന്റെ പകയിൽ നീറ്റി ഒടുക്കിയ സ്റ്റീഫന്റെ കഥയല്ലിത്. പുഞ്ചിരിച്ച് പുതുപുലരി വിടർത്തിയ വിപ്ലവ നായകന്റെ കഥയാണ്. തന്റെ നേട്ടങ്ങൾക്ക് വേണ്ടി അയാൾ പ്രത്യേകിച്ച് യാതൊന്നും അധികമായി ചെയ്തില്ല. ആരേയും പകയോടെയും വൈരത്തോടെയും നോക്കിക്കണ്ടില്ല. എന്തെന്നാൽ അയാൾക്ക് ക്രിക്കറ്റ് എന്നത് ജീവശ്വാസമായിരുന്നു. എങ്കിലും അയാൾ ഇന്നും രാജാവാണ് ക്രിക്കറ്റ് ലോകത്തെ ഒരേയൊരു രാജാവ്. പകയും പരിഭവും പരാതികളുമില്ലാതെ 22 യാർഡിൽ മാന്ത്രികം സൃഷ്ടിച്ച ജാല വിദ്യക്കാരൻ . സച്ചിൻ രമേഷ് തെൻഡുൽക്കർ .
നായക പരിവേഷം നൽകുന്ന ആരാധക ലോകത്ത് അഭിരമിക്കുക എന്നത് സച്ചിനെ സംബന്ധിച്ച് ഒരു ഘട്ടത്തിലും ചേർത്ത് വായിക്കുവാൻ കഴിയുന്ന ഒന്നായിരുന്നില്ല. കുട്ടിക്കാലത്തെ തോട്ടം ക്രിക്കറ്ററുടെ ബാറ്റിൽ MRF എന്ന് എഴുതുവാൻ നൽകിയ പ്രേരണ മുതൽ ശരീരം മുഴുവൻ രാജ്യത്തിന്റെ പതാകയുടെ നിറങ്ങൾ പൂശി സച്ചിനെന്ന് മുദ്ര കുത്തി ഗാലറികളിൽ നിറഞ്ഞിരുന്ന മധ്യവയസ്കൻ വരെയുള്ള ആരാധക ലോകത്തെ അയാൾക്കൊപ്പം ചേർത്ത് നിർത്തിയിട്ടുള്ളത് ക്രിക്കറ്റ് എന്ന കളിക്ക് അയാൾ നൽകിയ മാനം കൂടി കണക്കിലെടുത്ത് തന്നെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പകരക്കാരുടെ പേരുകൾ എത്രയെത്ര ഉയർന്ന് കേട്ടാലും അയാൾ പകരക്കാരനില്ലാത്ത മൂല്യമായി അവശേഷിക്കുക തന്നെ ചെയ്യും.
ഒരിക്കൽ ലോകം കണ്ട എക്കാലത്തേയും മികച്ച ഫാസ്റ്റ് ബോളർ ബ്രെറ്റ് ലീയുടെ ബീമർ സച്ചിന്റെ തലയിൽ പതിച്ചു. അപകടം വിതയ്ക്കാവുന്ന മാരകമായ ഡെലിവറി . പലപ്പോഴും ബാറ്റർമാർ ക്ഷുഭിതനായി ബൗളറിന് നേരെ പാഞ്ഞടുക്കേണ്ടുന്ന സന്ദർഭം. എന്നാൽ പതിവ് പുഞ്ചിരി മാത്രമായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററുടെ മറുപടി. പിന്നീട് 150 ന് മുകളിൽ പാഞ്ഞടുത്ത തൊട്ടടുത്ത പന്തുകളെ അതി മനോഹരമായ സ്ട്രെയിറ്റ് ഡ്രൈവിൽ അതിർത്തി വര കടത്തുമ്പോൾ ഗാലറി ആകെ തന്നെ അക്ഷരാർത്ഥത്തിൽ പ്രതികാരം ചെയ്യുകയായിരുന്നു.
പതിനഞ്ചാം വയസില്‍ മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സച്ചിന്‍ 1989 നവംബര്‍ 15 നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ സച്ചിന്റെ തേരോട്ടം തന്നെയായിരുന്നു .
ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ആരാധകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍… അനുപമമായ ബാറ്റിങ്ങും, കളിയോട് 100 ശതമാനം ആത്മാര്‍ത്ഥതയും കളിക്കളത്തിന് പുറത്തെ മാന്യമായ പെരുമാറ്റവും… ക്രിക്കറ്റ് ദൈവം ആരാധക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ്… ലോക ക്രിക്കറ്റ് പ്രേമികള്‍ക്ക് രണ്ടര പതിറ്റാണ്ടോളം കളി വിരുന്ന് നല്‍കിയ കേളി ശൈലിയുടെ പൂർണ ത നിറഞ്ഞ രൂപം. അതായിരുന്നു സച്ചിൻ. സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന്റെ പേടി സ്വപ്നങ്ങളില്‍ ഇടം പിടിച്ച മറ്റൊരു ക്രിക്കറ്റ് താരവും വേറെ ഉണ്ടാകില്ല.
പാകിസ്താനെതിരായ ടെസ്റ്റിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്റെ അരങ്ങേറ്റം.ആദ്യ മത്സരത്തില്‍ സച്ചിന് തിളങ്ങാനായില്ലെന്ന് മാത്രമല്ല അന്ന് പാക്കിസ്താന് വേണ്ടി അരങ്ങേറ്റം കുറിച്ച വഖാർ യൂനിസിന്റെ പന്തില്‍ പുറത്താകുകയും ചെയ്തു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ സച്ചിന്‍ ഏവരുടേയും ശ്രദ്ധ ക്ഷണിച്ചു. ഇമ്രാന്‍ ഖാനേയും വസീം അക്രത്തേയും പോലെയുളള പരിചയസമ്പന്നരായ ബൗളര്‍മാരെ കൗമാരക്കാരനായ സച്ചിന്‍ ഏറെ ക്ഷമയോടെയാണ് ക്രീസില്‍ നേരിട്ടത്. അന്ന് അദ്ദേഹം 172 പന്തില്‍ 59 റണ്‍സ് എടുത്തു. അവസാന ടെസ്റ്റിലും സച്ചിന്‍ അര്‍ധസെഞ്ച്വറി നേടി. പിന്നെ 200 ടെസ്റ്റ് മത്സരങ്ങള്‍, 463 ഏകദിനങ്ങൾ. ക്രീസില്‍ സച്ചിന്‍ തീര്‍ത്ത വിസ്മയത്തില്‍ ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയും 100 സെഞ്ച്വറികളും. രാജ്യാന്തരക്രിക്കറ്റിലെ 30,000 റണ്‍സുമടക്കം എഴുതിച്ചേര്‍ത്തത് ഏക്കാലത്തെയും മികച്ച റെക്കോര്‍ഡുകള്‍. ഒടുവില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍ 2011 ലെ ഏകദിന ലോകകപ്പും.
ഏഷ്യാകപ്പ് ജയിച്ച് നാട്ടിൽ തിരിച്ചെത്തിയ ഉടനെ 1995 മെയ് 25 നായിരുന്നു സച്ചിന്റെ വിവാഹം. 22-ാം വയസ്സിൽ. അതൽപ്പം നേരത്തേയല്ലേയെന്ന് ചോദിക്കുമ്പോൾ സച്ചിന്റെ മറുപടി ഒരു പുഞ്ചിരിയിലൊതുങ്ങുന്നു. എന്നാൽ, ഇങ്ങനെ അൽപം നേരത്തെ സച്ചിൻ വിവാഹത്തിന് തയ്യാറായതിൽ സുനിൽ ഗവാസ്കർ എന്ന ഗുരുവിനും മുഖ്യ പങ്കുണ്ട്. വളരെ ചെറുപ്പത്തിലെ പ്രശസ്തിയുടേയും ഗ്ലാമറിന്റെയും ലോകത്തേക്ക് ഉയർന്ന സച്ചിനെ തേടി പ്രണയാഭ്യർത്ഥനകൾ എത്തുക സ്വാഭാവികം. പ്രലോഭനങ്ങൾക്ക് ഏതൊരു ചെറുപ്പക്കാരനും അടിമപ്പെട്ട് പോകാവുന്ന സാഹചര്യം. അങ്ങനെ സച്ചിന് സംഭവിച്ചാൽ രാജ്യത്തിനും ക്രിക്കറ്റിനും അത് വലിയ നഷ്ടമാവും സംഭവിക്കുക. കഴിവുറ്റ പല താരങ്ങളും ഇങ്ങനെ നശിച്ചുപോവുന്നതിന് ഗാവസ്കർ സാക്ഷിയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം സച്ചിനെ ഉപദേശിച്ചു. എത്രയും വേഗം പക്വതയും കാര്യപ്രാപ്തിയുമുള്ള പെൺകുട്ടിയെ കണ്ടെത്തി വിവാഹിതനാവാൻ.
എന്നാൽ അതേ സമയം തന്നെ സച്ചിന്റ ഹൃദയത്തിൽ ഒരു പെൺകുട്ടി ഇടം പിടിച്ചുകഴിഞ്ഞിരുന്നു. സച്ചിനേക്കാൾ അഞ്ച് വയസ്സു കൂടുതലായിരുന്നു അവൾക്ക്. പേര് അഞ്ജലി. ഒടുവിൽ ആ പ്രണയം വിവാഹത്തിലേയ്ക്ക് വഴി മാറി. വിവാഹത്തിന്റെ താരമൂല്യം തിരിച്ചറിഞ്ഞ ടെലിവിഷൻ ചാനലുകൾ ഇതോടെ രംഗത്തെത്തി. വിവാഹം തൽസമയം സംപ്രേഷണം ചെയ്യാനായിരുന്നു അവരുടെ പദ്ധതി. ഒരു സ്വകാര്യ ചാനൽ സച്ചിനെ സമീപിച്ചു. പ്രതിഫലമായി വൻതുക വാഗ്ദാനം ചെയ്തു. പക്ഷേ, സ്വകാര്യജീവിതത്തിനും കുടുംബത്തിനും പണത്തേക്കാൾ വില കൽപ്പിക്കുന്ന സച്ചിൻ രണ്ടാമതൊന്നാലോചിക്കതെ തന്നെ ആ ഓഫർ നിരസിച്ചു.
പിന്നീട് മത്സരങ്ങൾ കൂടുന്നതനുസരിച്ച് റെക്കോർഡുകൾ സച്ചിന് മുന്നിൽ വഴി മാറുന്ന കാഴ്ചക്ക് ക്രിക്കറ്റ് ലോകം സാക്ഷിയായി. ഒടുവിൽ ആദ്യമായി 2013-ല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലും സച്ചിൻ പങ്കാളിയായി. സച്ചിന്റെ കളി കണ്ട് സച്ചിനൊപ്പം കളിക്കാൻ ആഗ്രഹിച്ച് ഇന്ത്യൻ ടീമിലെത്തിയവരുണ്ട്. അപ്പോഴും സഹതാരങ്ങൾക്ക് ആവേശവും കാണികൾക്ക് അത്ഭുതവുമായിരുന്നു സച്ചിൻ. വെസ്റ്റ് ഇൻഡീസിനെതിരെ വാങ്കഡെയിലെ മത്സരത്തിൽ സച്ചിന്റെ ബാറ്റിൽ നിന്ന് ഉയർന്ന പന്ത് ഡാരൻ സമിയുടെ കൈകളിലെത്തിയപ്പോൾ അത് ഒരു ഇതിഹാസത്തിന്റെ അവസാന മത്സരമായി.
വളരെ അപൂര്‍വ്വമായി മാത്രമാണ് ഉള്ളിലെ വികാരങ്ങള്‍ പുറത്തുകാണിക്കുന്ന സച്ചിനെ നമ്മള്‍ കണ്ടിട്ടുള്ളത്. അത്തരം അപൂര്‍വ്വ നിമിഷമായി മുംബൈ വാങ്കഡെയിലെ സച്ചിന്റെ അവസാന മത്സരം. വിടവാങ്ങല്‍ ചടങ്ങില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം അവസാനിക്കുമ്പോള്‍ കണ്ണുനനയാത്തവരായി ആരും വാങ്കഡെയില്‍ ഉണ്ടായിരുന്നില്ല. സ്റ്റേഡിയത്തിലെ പ്രസിഡന്റ്‌സ് ബോക്‌സിനുള്ളില്‍ വീല്‍ചെയറിലിരുന്നാണ് രജനി മകന്റെ അവസാന മത്സരത്തിലെ ഒടുവിലത്തെ ദൃശ്യങ്ങള്‍ കണ്ടത്. ഭാര്യ അഞ്ജലിയും മക്കളായ അര്‍ജുനും സാറയും ഗ്രൗണ്ടില്‍ സച്ചിനൊപ്പം തന്നെയുണ്ടായിരുന്നു. സുനില്‍ ഗാവസ്‌കറും ക്ലൈവ് ബ്രയാന്‍ ലാറയും രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ഉള്‍പ്പെടെയുള്ള ലോക ക്രിക്കറ്റിലെ ഇതിഹാസതുല്യരായ ക്രിക്കറ്റര്‍മാരും സച്ചിന്റെ കരിയറിലെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയാവാനെത്തിയിരുന്നു.
ഒരു യുഗം അങ്ങനെ അവസാനിച്ചു വെങ്കിലും ക്രിക്കറ്റ് ലോകത്ത് ഇന്നും അയാൾക്ക് തുല്യം അയാൾ മാത്രമാണ്. മറ്റ് താരങ്ങളുടെ ആരാധക വൃന്ദങ്ങൾ അയാളെ കുറ്റപ്പെടുത്തുമ്പോഴും . അസൂയയിലും അതിലുടെ ഉയർന്നുയരുന്ന പകയിലും നീറി പുകയുമ്പോഴും വെറുതെയെങ്കിലും സച്ചിനെ വെറുക്കുന്നവർ തിരിച്ചറിയുക തന്നെ ചെയ്യും. അയാളായിരുന്ന യഥാർത്ഥ രാജാവെന്ന്. എണ്ണം പറഞ്ഞ താരങ്ങൾ എത്രയൊക്കെ കടന്നെത്തിയാലും താണ്ടു വാൻ കഴിയാത്ത ഉന്നതങ്ങളിൽ അയാൾ തന്റെ സിംഹാസനം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. സച്ചിൻ ഉയർത്തിയ റെക്കോർഡുകൾ ചിലതെല്ലാം പഴങ്കഥയായിട്ടുണ്ടായിരിക്കാം ഇനിയുമേറെ റെക്കോർഡുകൾ വീണ്ടും പുനർജനിച്ചേക്കാം പക്ഷേ പിന്നാലെ ഓടി മടുത്തൊടുവിൽ വിയർത്തു വീണു പോയവരുടെ കൂട്ടത്തിൽ കൂടുതൽ പേരുകൾ എഴുതിച്ചേർക്കപ്പെടുക തന്നെ ചെയ്യും…….
അവിടെയും ഒരേയൊരു രാജാവായി അയാൾ മാത്രം അവശേഷിക്കും ……
സച്ചിൻ …….. സച്ചിൻ ………… സച്ചിൻ…….. സച്ചിൻ ……….
ഗാലറി വിളികൾ മാഞ്ഞെങ്കിലും ഇപ്പോഴും ഓരോ ക്രിക്കറ്റ് പ്രേമിയുടെയും ഹൃദയത്തിൽ ഉച്ചത്തിലുച്ചത്തിൽ ഒരേ താളത്തിൽ നീട്ടിയുള്ള ഈ വിളി പ്രതിധ്വനികൾ തീർക്കുകയാകാം ………