കൊച്ചി : അന്താരാഷ്ട്ര സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തിനോട് അനുബന്ധിച്ച്, സ്വസ്തി ഫൗണ്ടേഷനുമായി ചേര്‍ന്ന് ”സഖി” എന്ന പേരില്‍ ക്യാമ്പയിന് സംഘടിപ്പിച്ച് ആസ്റ്റര്‍ ഹോസ്പിറ്റൽസ്. സ്തനാര്‍ബുദത്തിനെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കുകയും, സാമൂഹികമായി പിന്നോക്കം നില്ക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യ മാമ്മോഗ്രാം പരിശോധനയും ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഒരുക്കിയിട്ടുണ്ട്. ആസ്റ്റര്‍ മെഡ്സിറ്റിയുടെ സി.എസ്.ആര് വിഭാഗമായ ആസ്റ്റര്‍ വോളന്റിയര്‍സിന്റെ ഭാഗമായാണ് പദ്ധതി.
സ്തനാര്‍ബുദം നേരത്തെ കണ്ടെത്തി ചികില്‍സിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്തനങ്ങള്‍ സ്വയം പരിശോധിക്കാന്‍ ”സഖി” സ്ത്രീകളെ പ്രചോദിപ്പിക്കും. ഇതിനായി വിവിധ കോളേജുകളിലും കമ്പനികളിലുമുള്ള 2500 ലേറെ യുവതികള്‍ക്കായി പ്രത്യേക പരിശീലനവും പരിശോധനയും ഒരുക്കിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാനായി മുന്നോട്ട് വരുന്നവരെ ”സഖി ആര്‍മി”യുടെ ഭാഗമാക്കും. സഖി ആര്‍മിയില്‍ ഓരോ പത്ത് വനിതകള്‍ അംഗമാകുമ്പോഴും പാവപ്പെട്ട ഒരു സ്ത്രീക്ക് ആസ്റ്റര്‍ മെഡ്സിറ്റി മാമ്മോഗ്രാം പരിശോധനാ സേവനം സൗജന്യമായി നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഥിരമായി മാമ്മോഗ്രാം പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം എല്ലാ സ്ത്രീകളും മനസ്സിലാക്കണമെന്ന് സര്‍ജിക്കല്‍ ഓങ്കോളജിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ജെം കളത്തില്‍ പറഞ്ഞു. സ്തനാര്‍ബുദം നേരത്തെ കണ്ടുപിടിക്കാനായാല്‍ രോഗത്തിനെതിരായ പോരാട്ടത്തില്‍ ഒരുചുവട് മുന്നിലെത്താന്‍ നമുക്ക് കഴിയും. അതിനുള്ള ഏറ്റവും നല്ല വഴി, ക്യാന്‍സറിന്റെ ബുദ്ധിമുട്ടുകള്‍ തുടങ്ങുന്നതിന് മുന്‍പേ മാമ്മോഗ്രാം ചെയ്യുകയാണെന്നും ഡോ. ജെം കളത്തില്‍ പറഞ്ഞു.
കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. എന്നിട്ടും മിക്ക സ്ത്രീകളും സ്വയം പരിശോധന നടത്താന്‍ പോലും തയാറാകുന്നില്ല. സ്തനാര്‍ബുദ ലക്ഷണങ്ങള്‍ ഉണ്ടായിട്ട് പോലും രണ്ടിലൊന്ന് സ്ത്രീകള്‍ മാത്രമേ സ്വയം പരിശോധന നടത്തുന്നുള്ളു എന്ന് അടുത്തിടെ നടന്ന ഒരു പഠനം പറയുന്നു.
പൊതുസമൂഹത്തിനായി ആസ്റ്റര്‍ മെഡ്സിറ്റി നടത്തുന്ന അനേകം ബോധവത്കരണ പരിപാടികളില്‍ ഒന്നാണ് ”സഖി”യെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ഒമാന്‍ ആന്‍ഡ് കേരള റീജിയണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന് പറഞ്ഞു. സ്തനാര്‍ബുദം ഒരു വലിയ ആശങ്കയാണ്. അതിനെ കുറിച്ചുള്ള ബോധവത്കരണം ഒരു ആവശ്യകതയും. നിരവധി പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായകരമാകുന്ന ഈ പദ്ധതി മുന്നോട്ട് വെക്കാനായതിലുള്ള അതിയായ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
അന്താരാഷ്ട്ര സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തിനോട് അനുബന്ധിച്ച് ആസ്റ്റര്‍ മെഡ്സിറ്റി ഒരാഴ്ചത്തേക്ക് പിങ്ക് നിറത്തില്‍ പ്രകാശിക്കും.