ഇരവിപേരൂർ: ലക്ഷക്കണക്കിന് ആളുകളെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ചയാളാണ് ഗുരുദേവൻ എന്നും അതിന്റെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് ഈ കാലഘട്ടത്തിൽ നടത്തേണ്ട അനിവാര്യമായ ഇടപെടലാണ് പ്രത്യക്ഷ രക്ഷാ ദൈവസഭ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നതെന്നും ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് പ്രസ്ഥാവിച്ചു. വിശ്വാസികൾ അന്ധവിശ്വാസികൾ ആവരുതെന്ന് ഗുരുദേവന്റെ പ്രബോധനങ്ങൾ നമ്മോടു പറയുന്നു. സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശമാണ് പി.ആർ.ഡി.എസിന്റേത്. മന്ത്രി കൂട്ടിച്ചേർത്തു.
പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ സംഘടിപ്പിച്ച അടിമവ്യാപാര നിരോധന വിളംബരത്തിന്റെ 168-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പി.ആർ.ഡി.സ് പ്രസിഡന്റ് വൈ.സദാശിവൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. മാത്യു റ്റി തോമസ് എം.എൽ.എ മുഖ്യാതിഥി ആയിരുന്നു.
ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്‌ക്കരൻ മുഖ്യ സന്ദേശം നൽകി. മുൻ എം.എൽ. എ. രാജുഏബ്രഹാം, പി.ആർ.ഡി.എസ് ഗുരുകുല ഉപദേഷ്ടാവ് കെ.എസ്.വിജയകുമാർ, ഹൈ കൗൺസിലംഗങ്ങളായ സി.കെ.ജ്ഞാനശീലൻ, പി.ജി.ദിലീപ് കുമാർ, മഹിളാസമാജം പ്രസിഡന്റ് വി.എം.സരസമ്മ എന്നിവർ ആശംസകൾ അറിയിച്ചു. പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറി സി. സത്യകുമാർ സ്വാഗതവും ട്രഷറർ സി.എൻ.തങ്കച്ചൻ നന്ദിയും പറഞ്ഞു. പി.ആർ.ഡി. എസ്. ആചാര്യകലാക്ഷേത്രം സംഘടിപ്പിച്ച 168 പേർ ചേർന്ന് പാടുന്ന ‘അടിമ മറപ്പതാവുമോ, എന്ന പേരിലുള്ള സംഘ ഗാനവും നാടകങ്ങൾ, സംഗീത സദസ്സ്, ഷോർട്ട് ഫിലിം എന്നിവയുടെ അവതരണവും ഉണ്ടായിരുന്നു.