ധർമ്മശാല: ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20 പരമ്ബരയിലെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പ്രകടനത്തിൽ നിരാശയുണ്ടെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. അവസരങ്ങൾ പലതു ലഭിച്ചിട്ടും അതു മുതലെടുക്കാതിരിക്കുകയാണ് സഞ്ജുവെന്ന് വസീം ജാഫർ ഒരു മാദ്ധ്യമത്തോടു പറഞ്ഞു.
‘സഞ്ജു അവസരങ്ങൾ മുതലെടുക്കുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ രണ്ട് മത്സരങ്ങൾ സഞ്ജുവിനു മികച്ചൊരു അവസരമായിരുന്നു. വിക്കറ്റ് കീപ്പിംഗിലെ മൂന്നാമതൊരു ഓപ്ഷനായും ബാറ്ററായും അവകാശവാദം ഉന്നയിക്കാമായിരുന്നു. തനിക്ക് എന്തൊക്കെ സാധിക്കുമെന്നതിന്റെ സൂചന നൽകാൻ സഞ്ജുവിനു കഴിഞ്ഞു. പക്ഷേ അവസരം മുതലെടുക്കാനായില്ല. എനിക്കു വളരെ സങ്കടം തോന്നുന്നു, കാരണം ട്വന്റി20യിൽ സഞ്ജുവിന് അത്രയേറെ കാര്യങ്ങൾ ചെയ്യാനാകുമായിരുന്നു.’- വസീം ജാഫർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടീം ഇന്ത്യയിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായ വിരാട് കൊഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, കെ.എൽ. രാഹുൽ തുടങ്ങിയ താരങ്ങൾ ശ്രീലങ്കയ്‌ക്കെതിരെ കളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജു സാംസൺ, ഇഷാൻ കിഷൻ, വെങ്കടേഷ് അയ്യർ തുടങ്ങിയ താരങ്ങൾക്കു കഴിവു തെളിയിക്കാൻ മികച്ച അവസരമാണു ലഭിച്ചത്. ലക്‌നൗവിൽ നടന്ന മത്സരത്തിൽ ഇഷാൻ കിഷൻ അർധസെഞ്ചുറി നേടി. ഈ മത്സരത്തിൽ സഞ്ജു കളിച്ചിരുന്നെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ധർമശാലയിൽ നടന്ന രണ്ടാം ട്വന്റി-20യിൽ സഞ്ജു 25 പന്തിൽ 39 റൺസെടുത്തു.
മൂന്ന് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. മൂന്നാം ട്വന്റി20യിൽ ഇഷാൻ കിഷൻ കളിക്കാത്തതിനാൽ വിക്കറ്റ് കീപ്പറുടെ ചുമതലയും സഞ്ജുവിന് ലഭിച്ചു. ബാറ്റിംഗിൽ ക്യാപ്ടൻ രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു 12 പന്തിൽ 18 റൺസ് മാത്രമാണു നേടിയത്. ചമിക കരുണരത്‌നെയുടെ പന്തിൽ വിക്കറ്റ് കീപ്പർ ദിനേഷ് ചാന്ദിമൽ ക്യാച്ചെടുത്താണു സഞ്ജുവിനെ പുറത്താക്കിയത്.