സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു നിര്‍ണായക ഉപദേശവുമായി മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റർ സാബ കരീം. നിലവില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പര കളിക്കാന്‍ തയ്യാറെടുക്കുകയാണ് സഞ്ജു.
ജൂലൈ അവസാനത്തോടെ ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന കാര്യം ഉറപ്പില്ല. നാലാം നമ്പറിലേക്കു സൂര്യകുമാര്‍ യാദവും വിക്കറ്റ് കീപ്പറുടെ റോളില്‍ ഇഷാന് കിഷനും സഞ്ജുവിനു ഭീഷണിയുയര്‍ത്തുന്നവരാണ്. സഞ്ജു സാംസണ് നേരിടുന്ന ഒരു പ്രധാന പ്രശ്നം പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണെന്നു സാബ കരീം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കാരണത്താല്‍ തന്നെയാണ് സൂര്യകുമാര്‍ യാദവിനെയോ, ശ്രേയസ് അയ്യരെയോ പോലെ സ്ഥിരമായി ടീമിലേക്കു പരിഗണിക്കപ്പെടാതിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഐസിസിയുടെ ഏകദിന ലോകകപ്പ് മാസങ്ങള്‍ക്കകം നടക്കാനിരിക്കെ നാലാം നമ്പറില്‍ ഇന്ത്യ ആരെ കളിപ്പിക്കുമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഈ റോളിലേക്കു സഞ്ജുവും തീര്‍ച്ചയായും ഒരു ഓപ്ഷന് തന്നെയാണ്.
ന്യൂസ് 24 സ്പോര്‍ട്സുമായി സംസാരിക്കവെയാണ് സഞ്ജു സാംസണിന്റെ ഇന്ത്യന്‍ ടീമിലെ ഭാവിയെക്കുറിച്ച് സാബ കരീം പ്രതികരിച്ചത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന, ടി20 പരമ്പരകളില്‍ സഞ്ജുവിനെ കളിപ്പിക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിനു കഴിഞ്ഞ ഐപിഎല്ലിലെ യശസ്വി ജയ്സ്വാളിനെയും തിലക് വര്‍മയെയും പോലെ സ്ഥിരത പുലര്‍ത്തേണ്ടത് ആവശ്യമാണെന്നായിരുന്നു കരീമിന്റെ മറുപടി.
നിലവില്‍ ഇന്ത്യക്കു ടീമില്‍ അധികം ഓപ്ഷുകളില്ലാത്തതിനാല് സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ വേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. സഞ്ജു കളിക്കുകയും സ്ഥിരതയോടെ പെര്‍ഫോം ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള കളിക്കാരെ വെല്ലുവിളിക്കാന്‍ സാധിക്കുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ സഞജുവിനു അതിനു സാധിക്കുന്നില്ലെന്നും സാബ കരീം വ്യക്തമാക്കി.നിങ്ങള്‍ ഐപിഎല്‍ എടുക്കുകയാണെങ്കില്‍ സഞ്ജു സാംസണ് ഇടയ്ക്കിടെ ചില മല്‍സരങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യുകയാണ് ചെയ്തു പോരുന്നത്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനു വേണ്ടി യശസ്വി ജയ്സ്വാളും മുംബൈ ഇന്ത്യന്‍സിനായി തിലക് വര്‍മയും കാണിച്ചതുപോലെയുള്ള സ്ഥിരതയാണ് സഞ്ജുവിന്റെ ബാറ്റിങില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ അതു ഇപ്പോഴും മിസ്സിങാണെന്നു സാബ കരീം ചൂണ്ടിക്കാട്ടി.
സഞ്ജു സാംസണില്‍ എനിക്കു ഒരുപാട് പ്രതീക്ഷകളുണ്ട്. കാരണം അത്രയും കഴിവുറ്റ ക്രിക്കറ്ററാണ് അദ്ദേഹം. പക്ഷെ നിര്‍ഭാഗ്യവശാല്‍ സ്ഥിരതയെന്നത് ഇപ്പോഴും അദ്ദേഹത്തിന്റെ കരിയറില്‍ കാണാന്‍ സാധിക്കുന്നില്ല. ഈ കാരണത്താല്‍ മാത്രമാണ് ഇന്ത്യന്‍ ടീമില്‍ സഞ്ജു തന്റെ സ്ഥാനമുറപ്പിച്ചിട്ടില്ലെന്നു താന്‍ കരുതുന്നതെന്നും സാബ കരീം കൂട്ടിച്ചേര്‍ത്തു. സമീപകാലത്തു പലപ്പോഴും സെലക്ടര്‍മാര്‍ സഞ്ജുവിനെ അവഗണിക്കാനുള്ള പ്രധാന കാരണവും ഈ സ്ഥിരതയില്ലായ്മയാണെന്നും കരീം പറയുന്നു.
ഇന്ത്യക്കു വേണ്ടി ഇതുവരെ 11 ഏകദിന മല്‍സരങ്ങളിലാണ് സഞ്ജു സാംസണ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 330 റണ്‍സെടുക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ഫിഫ്റ്റികളും ഏകദിനത്തില്‍ നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. പക്ഷെ ഏകദിനത്തിലെ ഈ സ്ഥിരത ടി20യില്‍ ആവര്‍ത്തിക്കാന്‍ സഞ്ജുവിനായിട്ടില്ല. ഇതുവരെ 17 ടി20കളില്‍ കളിച്ചിട്ടുള്ള താരം 20.06 ശരാശരിയില്‍ 301 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ.