സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യക്കു വേണ്ടി യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളും ധ്രുവ് ജുറേലും മിന്നിക്കുമ്പോള്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ ഒരു പഴയ പ്രവചനമാണ് കൃത്യമായി വന്നിരിക്കുന്നത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവരും അരങ്ങേറുന്നതിനു മുൻപ് തന്നെ ഇവരുടെ പ്രതിഭ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പം തിരിച്ചറിഞ്ഞിട്ടുള്ളയാളാണ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു. രണ്ടു പേരെയും കുറിച്ച് വലിയ മതിപ്പാണ് അദ്ദേഹത്തിനു നേരത്തേയുള്ളത്.
ജയ്‌സ്വാള്‍ നേരത്തേ തന്നെ ദേശീയ ടീമിലെത്തി തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ സ്ഥാനമുറപ്പിച്ചപ്പോള്‍ വിക്കറ്റ് കീപ്പറായ ജുറേല്‍ കന്നി മല്‍സരത്തില്‍ തന്നെ തിളങ്ങുകയും ചെയ്തിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ സീസണിനു മുന്നോടിയയി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ജയ്‌സ്വാളിന്റെയും ജുറേലിന്റെയും പ്രതിഭയെക്കുറിച്ച് സഞ്ജു സംസാരിച്ചത്. ജോ റൂട്ട്, ആദം സാംപ എന്നിവരുള്‍പ്പെടെ പുതിയ പല താരങ്ങളും റോയല്‍സിലേക്കു ഈ സീസണില്‍ വന്നിട്ടുണ്ട്. ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തുടങ്ങിയവരും ടീമിന്റെ ഭാഗമാണ്. പക്ഷെ വരാനിരിക്കുന്ന സീസണില്‍ (2023) നിങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു താരം ആരാണെന്നായിരുന്നു അഭിമുഖത്തില്‍ സഞ്ജുവിനോടുള്ള ചോദ്യം.
വ്യക്തിപരമായി കളിക്കാരുടെ പേര് എടുത്തുപറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷെ നിങ്ങള്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്ബോള്‍ ചിലരെക്കുറിച്ച് എനിക്കു പറയാനുണ്ട്. ഇതിലൊരാള്‍ ധ്രുവ് ജുറേലാണ്. ഐപിഎല്ലില്‍ അവന്‍ ഇനിയും ഒരു മല്‍സരം പോലും കളിച്ചിട്ടില്ല.
പക്ഷെ കഴിഞ്ഞ ഒന്ന്- രണ്ടു വര്‍ഷങ്ങളായി ജുറേല്‍ ഞങ്ങളോടൊപ്പമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നന്നായി കഠിനാധ്വാനവും നടത്തിയിരുന്നു. ജുറേലിനെക്കൂടാതെ എടുത്തു പറയേണ്ട മറ്റൊരു താരം യശസ്വി ജയ്‌സ്വാളാണ്. അവനും ജുറേലും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട രണ്ടു കളിക്കാരാണ്. വളരെ നല്ല ഫോമിലാണ് രണ്ടു പേരും കാണപ്പെടുന്നത്. പുതിയ സീസണ്‍ ജയ്‌സ്വാളിനും ജുറേലിനും മികച്ചതായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ സീസണില്‍ ഇരുവരും ഒരുപാട് മല്‍സരങ്ങളില്‍ ടീമിനെ വിജയിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സഞ്ജു വ്യക്തമാക്കിയിരുന്നു.സഞ്ജുവിന്റെ ഈ പ്രവചനം വളരെ ശരിയായിരുന്നുവെന്നു സീസണ്‍ തുടങ്ങിയതോടെ വ്യക്തമാവുകയും ചെയ്തു.
ജയ്‌സ്വാളിനെക്കൂടാതെ കന്നി സീസണ്‍ കളിച്ച ജുറേലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും ജയ്‌സ്വാള്‍ വാരിക്കൂട്ടിയത് 625 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് സീസണായി ഇതു മാറുകയും ചെയ്തു.റോയല്‍സിനൊപ്പം നടത്തിയ റണ്‍വേട്ടയാണ് 2023 ജൂണ്‍-ജൂലൈ മാസങ്ങളിലായി നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കു ജയ്‌സ്വാളിനു വഴി തുറന്നത്. ഈ പര്യടനത്തില്‍ ടി20, ടെസ്റ്റ് എന്നിവയില്‍ അരങ്ങേറിയ താരം മിന്നുന്ന പ്രകടനത്തോടെ മികവ് തെളിയിക്കുകയും ചെയ്തു.
ജുറേലിനെയാവട്ടെ ഫിനിഷറുടെ റോളിലായിരുന്നു കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍സ് പരീക്ഷിച്ചത്.
14 മല്‍സരങ്ങളില്‍ നിന്നും 172.73 സ്‌ട്രൈക്ക് റേറ്റില്‍ 152 റണ്‍സ് താരം നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലേക്കു തികച്ചും അപ്രതീക്ഷിതമായിട്ടാണ് ജുറേലിനു വിളിയെത്തിയത്.മൂന്നാംടെസ്റ്റിലൂടെ അരങ്ങേറിയ താരം കന്നി ഇന്നിങ്‌സില്‍ തന്നെ 46 റണ്‍സുമായി തിളങ്ങി. കൂടാതെ വിക്കറ്റ് കീപ്പിങിലും ചില തകര്‍പ്പന്‍ പ്രകടനങ്ങളുമായി ജുറേല്‍ കൈയടി നേടുകയും ചെയ്തിട്ടുണ്ട്. ജയ്‌സ്വാളും ജുറേലും ഇപ്പോള്‍ ടീം ഇന്ത്യക്കൊപ്പം തലയെടുപ്പോടെ നില്‍ക്കുമ്ബോള്‍ ഇരുവരുടെയും പ്രതിഭ ആദ്യം തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്ത ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിനു തീര്‍ച്ചയായും അഭിമാനിക്കാം.