കോട്ടയം: പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന വിവിധ തുല്യത കോഴ്‌സുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾക്കു പുറമെ നാലാംതരം , ഏഴാംതരം കോഴ്‌സുകളിലും പ്രവേശനം നേടാം. സംസ്ഥാന സാക്ഷരതാ മിഷന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്ന സാക്ഷരതാ കോഴ്‌സിലും, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്‌സുകളിലും ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
2024 മാർച്ച് 15 വരെയാണ് ഫൈൻ ഇല്ലാതെ രജിസ്റ്റർ ചെയ്യാൻ അവസരം. സാക്ഷരത, തുല്യത നാല് , ഏഴു കോഴ്‌സുകൾ സൗജന്യമാണ്. പത്താം തരം തുല്യത കോഴ്‌സിന് 100 രൂപ രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പെടെ 1950 രൂപയും, ഹയർ സെക്കൻഡറി തുല്യത കോഴ്‌സിന് 300 രൂപ രജിസ്‌ട്രേഷൻ ഫീസ്, അഡ്മിഷൻ ഫീസ് ഉൾപ്പെടെ 2600 രൂപയും അടക്കണം. സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് 2500 രൂപയാണ് ഫീസ്. പത്താംതരം, ഹയർ സെക്കൻഡറി കോഴ്‌സുകൾക്ക് എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർ രജിസ്‌ട്രേഷൻ ഫീസ് അടച്ചാൽ മതിയാകും. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്കും കോഴ്‌സ് ഫീസ് അടയ്‌ക്കേണ്ടതില്ല. ഈ വിഭാഗത്തിലെ പഠിതാക്കൾക്ക് പ്രതിമാസം സ്‌കോളർഷിപ്പായി പത്താം തരത്തിൽ 1000 രൂപയും , ഹയർ സെക്കൻഡറിയിൽ 1250 രൂപ വീതവും പഠനകാലയളവിൽ ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഴ്‌സുകളിൽ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷൻ വിദ്യാകേന്ദ്രങ്ങൾ മുഖേനയും kslma.keltron.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി നേരിട്ടും രജിസ്റ്റർ ചെയ്യാം. ഫീസ് അടക്കുന്നതിനുള്ള ചെലാൻ ഫോം www.literacymissionkerala.org എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് കോട്ടയം വയസ്‌കരകുന്നിലെ ജില്ല സാക്ഷരതാ മിഷൻ ഓഫീസുമായോ 0481 2302055 എന്ന നമ്പറിലോ ബന്ധപ്പെടാം. വിവിധ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള യോഗ്യത.
സാക്ഷരത കോഴ്‌സിൽ ചേരുന്നതിന് അടിസ്ഥാന യോഗ്യത വേണ്ട.
സാക്ഷരതാ സർട്ടിഫിക്കറ്റ് ഉള്ളവർക്കും നാലാം തരം വരെ പഠിച്ചവർക്കും നാലാംതരത്തിൽ ചേരാം. നാലാം തരം വിജയിച്ചവർക്കും അഞ്ച്, ആറ് ക്ലാസുകളിൽ പഠനം മുടങ്ങിയവർക്കും ഏഴാംതരത്തിൽ രജിസ്റ്റർ ചെയ്യാം. എട്ട് ഒൻപത് ക്ലാസുകളിൽ പഠനം നിർത്തിയവരോ പത്താംതരം തോറ്റവരോ
ആകണം പത്താം തരം പഠിതാക്കൾ. പത്താംതരം വിജയിച്ചവർക്ക് ഹയർ സെക്കൻഡറിക്ക് ചേർന്ന് പഠിക്കാം. പത്താം തരത്തിന് പതിനേഴും ഹയർ സെക്കൻഡറിക്ക് 22 വയസും തികഞ്ഞിരിക്കണം. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.