ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാരുടെ തീവണ്ടിയാത്രാക്കൂലിയിലെ ഇളവ് റദ്ദാക്കിയ നടപടി തിരുത്തണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. കോര്‍പറേറ്റുകള്‍ക്ക് മുന്‍തൂക്കം നല്കുന്ന കേന്ദ്ര സാമ്പത്തികനയങ്ങള്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും പാവപ്പെട്ട ജനവിഭാഗങ്ങളെയും തഴയുകയാണ് ചെയ്യുന്നതെന്നും ധനാഭ്യര്‍ഥന സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ അവശവിഭാഗങ്ങളുടെ ക്ഷേമത്തിലാണ് കൈവെക്കുന്നതെന്ന് സമദാനി കുറ്റപ്പെടുത്തി. അതിന് തെളിവാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ഉണ്ടായിരുന്ന യാത്രാ ഇളവുകള്‍ റദ്ദ് ചെയ്തുകൊണ്ടുള്ള നടപടി. പാര്ശ്വവല്ക്കരിക്കപ്പെടുന്നവരുടെ ദുസ്ഥിതിയും കഷ്ടപ്പാടുകളും നിസ്സംഗനിരീക്ഷകരായി നോക്കിക്കാണുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. നടപടി പിന്‍വലിച്ച് ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയം ധനികരെ കൂടുതല്‍ ധനികരാക്കാന്‍ സഹായിക്കുന്നതാണെന്നും സമദാനി ലോക്സഭയില്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ പാട്ടത്തിനു കൊടുക്കുന്നതും ഈ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതും ദേശീയ താല്പര്യത്തിന് നിരക്കുന്നതല്ല.