ആലപ്പുഴ : രണ്ടു വട്ടം തോറ്റിട്ടും തൃശ്ശൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ച സുരേഷ് ഗോപിയുടെ മാതൃക പാർട്ടി പിന്തുടരണമെന്ന് ശോഭ സുരേന്ദ്രൻ. താൻ ഇനി ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കും. ആറ്റിങ്ങലില്‍ താൻ തന്നെ നിന്നിരുന്നെങ്കില്‍ ജയിക്കുമായിരുന്നു എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. പാർട്ടി സംവിധാനത്തിലൂടെയേ മുന്നോട്ട് പോകാനാവൂ. ബിജെപിയെ ഒരു ബദലായി സിപിഎം പ്രവർത്തകർ കാണുന്നു എന്നതിന് തെളിവാണ് തനിക്ക് ആലപ്പുഴയിലെ ചെങ്കോട്ടകളില്‍ ലഭിച്ച വോട്ടുകളെന്നും അവര്‍ പറഞ്ഞു. ലോക്സഭാ തെരഞെടുപ്പില് ഒരിക്കല്‍ കൂടി ബിജെപിയുടെ വോട്ട് റോക്കോര്‍ഡുകള് ശോഭാ സുരേന്ദ്രന്‍ തകര്‍ത്തപ്പോള്‍ പൊലിഞ്ഞത് എ എം ആരിഫിന്‍റെ സ്വപ്നങ്ങളാണ്.
സിപിഎം കോട്ടകളില്‍ വിള്ളലുണ്ടാക്കി ശോഭ സുരേന്ദ്രന്‍ മുന്നേറിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് മൂന്ന് ലക്ഷത്തിനടത്തു വോട്ട്. രണ്ട് നിയസമഭാ മണ്ഡലങ്ങളില് ശോഭ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ട് മണ്ഡലങ്ങളില് സിപിഎമ്മുമായുള്ള വിത്യാസം 200 താഴെ വോട്ടുകള് മാത്രമാണ്.
ഏഴ് നിയമസഭാ മണ്ഡലങ്ങളില് ഹരിപ്പാടും കായംകുളത്തും ശോഭ രണ്ടാം സ്ഥാനത്തെത്തി. കരുനാഗപ്പള്ളിയിലും അന്പലപ്പുഴയിലും സിപിഎമ്മുമായുള്ള വിത്യാസം 200 വോട്ടിന് താഴെ മാത്രം. മറ്റൊരര്‍ഥത്തില്‍ എ എം ആരിഫിന്‍റെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായി മാറിയത് ശോഭയുടെ ഈ തേരോട്ടം തന്നെ.കോണ്‍ഗ്രസിന്‍റെ സ്വാധീനമേഖലയായ ഹരിപ്പാട്ടെ കരുവാറ്റ,കുമാരപുരം,ചെറുതന പഞ്ചായത്തുകളില് ശോഭ ലീഡ് ചെയ്തതും ശ്രദ്ധേയമാണ്. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയാണോ ഇതെന്ന സംശയവും ഇതുയര്‍ത്തുന്നു.