ഇന്ത്യൻ നീലാകാശം
ഒരു പ്രോപ്പർ ടി ട്വന്റി ഇന്നിംഗ്സ് കളിക്കാൻ ഇന്നിന്ത്യയിൽ സൂര്യകുമാർ യാദവിനേക്കാൾ അറിവുള്ള മറ്റൊരു ബാറ്റർ ഇല്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.നേരിടുന്ന ആദ്യ പന്തു മുതൽ കാണിക്കുന്ന ഇൻടെന്റ് മാത്രമായി അതിനെ ചുരുക്കുന്നത് തികച്ചും അനീതിയാണ്.ഓരോ പന്തിനും അയാൾ ഓഫർ ചെയ്യുന്നത് പ്രീമെഡിറ്റേറ്റഡ് ഷോട്ടുകളേയല്ല.ഫീൽഡ് പൊസിഷനുകളെ അയാൾ അസസ് ചെയ്യുന്ന ശൈലിയിൽ നിന്നറിയാം അയാൾ തന്റെ ഇന്നിങ്സിനെ എങ്ങനെയാണ് കൺസ്ട്രക്ട് ചെയ്യാൻ പോകുന്നതെന്ന്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഡം സാമ്പയ്ക്ക് മുമ്പിൽ മൂന്ന് സ്റ്റമ്പുകളും എക്സ്പോസ് ചെയ്തു കൊണ്ട് നിൽക്കുമ്പോൾ അയാൾ ലക്ഷ്യം വെക്കുന്നത് തേർഡ് മാനും,ബാക്ക്വേഡ് പോയന്റിനും ഇടയിലുള്ള ഗ്യാപ്പാണ്.ആ കട്ട് ഷോട്ടിന്റെ ടൈമിങ്ങിലെ ചെറിയൊരു പിഴവു പോലും ക്ലീൻ ബൗൾഡാകാനിടവരുത്തും എന്നിടത്തും അയാളതിനു മടിക്കില്ല.കാരണം സ്വന്തം ടൈമിംഗിനെ അയാളത്രമേൽ വിശ്വസിക്കുന്നുണ്ട്.അതോടൊപ്പം തന്നെ പറയേണ്ട കാര്യമാണ് സൂര്യയെ കണ്ടെയ്ൻ ചെയ്യാൻ പറ്റുന്ന ഒരു ഫീൽഡൊരുക്കൽ എതിർ ടീം ക്യാപ്റ്റന് ഏറെക്കുറെ അസാധ്യം തന്നെയാണെന്ന്.അയാളെ സംബന്ധിച്ചിടത്തോളം മൈതാനം പൂർണ്ണമായും ആക്സസബിളാണ്.
സ്പിന്നർ വരുമ്പോൾ സ്ലോഗ് സ്വീപ്പ് പ്രിഫർ ചെയ്യുമ്പോഴും,ഡീപ് ഫൈൻ ലെഗ് സെറ്റ് ചെയ്യപ്പെടുമ്പോൾ ബോട്ടം ഹാൻഡിന്റെ സമർത്ഥമായ ഉപയോഗത്താൽ ലോംഗ് ഓണിന് മുകളിലൂടെ വിപ് ഓഫ് ചെയ്യാൻ അയാൾക്കൊരു മടിയുമില്ല.ഇന്ന് സാമ്പ അനുഭവിച്ചതുമതാണ്.ഇനി അതൊരു ഓഫ്സ്റ്റമ്പ് ലൈൻ ഗുഡ് ലെങ്ത് ഡെലിവറിയാണെങ്കിൽ ഇൻസൈഡ് ഔട്ട് ലോഫ്റ്റ് ആയിരിക്കും മറുപടി.പത്താം ഓവറിൽ സാംസിന്റെ പേസിനെ അത്തരമൊരു ലോഫ്റ്റഡ് ഡ്രൈവിലൂടെ അപമാനിക്കുന്നുണ്ടയാൾ.ആ ഹൈ എൽബോയും,ക്യാമറക്കണ്ണിനെ അങ്ങേയറ്റം പ്രലോഭിപ്പിക്കുന്ന ആ സെക്സിയസ്റ്റ് ഫ്രീ ഫ്ലോ ബാക്ക് ലിഫ്റ്റും!സൂര്യയുടെ ഷോട്ടുകൾ എതിർ ടീമിന് തീവ്രമായ സൂര്യാതപമേൽപ്പിക്കുന്ന ഉഷ്ണക്കാറ്റാകുമ്പോഴും,കളികാണുന്നവന് അത് ഒരീറക്കാറ്റിന്റെ നിലാസ്പർശമാണ്.സാംസിനെ ഗാലറിയിലേക്കു പറഞ്ഞയച്ച ഷോട്ടിന്റെ റീപ്ലേയിൽ ഓസീസ് ഡഗ് ഔട്ടിൽ കണ്ട ബഹുമാനം കലർന്ന ചിരി ആ നിലാസ്പർശത്തെയാണ് ഓർമ്മിപ്പിച്ചത്.
കൂറ്റൻ സിക്സറുകൾ വർഷിക്കുമ്പോഴും,അപ്രവചനീയമായ രീതിയിൽ മൈതാനത്തിന്റെ ഏതൊക്കെ കോർണറുകൾ കണ്ടെത്തുമ്പോഴും,ഒരു സോളിഡ് ഫീൽഡിംഗ് യൂണിറ്റിന്റെ അച്ചടക്കത്തെ രണ്ടോ മൂന്നോ അൺ കൺവെൻഷണൽ ഹിറ്റുകളാൽ ദുർബലമാക്കുമ്പോഴും സൂര്യ അതിന്റെ വന്യതയെ ഒളിപ്പിച്ചു വെക്കാറുണ്ടെന്നതാണ് വാസ്തവം.രോഹിത്തോ,ഹാർദ്ദിക്കോ ഫുൾ ഫ്ലോയിൽ നിൽക്കുമ്പോൾ സംഭവിക്കുന്നത് ബൗളറുടെ ചോര വാർന്നുള്ള ദയനീയമായ മരണമാണെങ്കിൽ,ടാർഗറ്റിന്റെ കുത്തിക്കീറപ്പെടുന്ന കൊലപാതകമാണെങ്കിൽ അതേ ഇമ്പാക്ട് സൃഷ്ടിക്കുന്ന സ്കൈ ഇന്നിംഗ്സുകൾ പൂവിറക്കുന്നതു പോലെ മൃദുവായതും,സ്വാസ്ഥ്യമേറിയതുമായ സുഖമരണങ്ങളാണ്.സംഭവിച്ചതെന്താണെന്നറിയുന്നതിനു മുൻപേ നിങ്ങൾ തിരിച്ചുവരവെന്നൊന്ന് ഇല്ലാത്തിടത്തെത്തിയിരിക്കും.
ഇന്നത്തെ സൂര്യയെപ്പറ്റിയെഴുതുമ്പോൾ വിരാട് കോലിയെ മറന്നുകൊണ്ടവസാനിപ്പിക്കാൻ പറ്റുന്നതെങ്ങനെ?!സർവ്വം ചാമ്പലാക്കിക്കൊണ്ട് ഒരുത്തൻ അശ്വമേധം നടത്തുമ്പോൾ കൂട്ടത്തിൽ ജൂനിയറായ അവന്റെ സെക്കൻഡ് ഫിഡിൽ വായിക്കുക എന്നത് ഏതൊരു സൂപ്പർ പെർഫോർമറുടെയും ഈഗോയെ വെല്ലുവിളിക്കുന്ന ഒന്നാണ്.എന്നാൽ യാതൊരു കോംപ്ലക്സുമില്ലാതെ ഇന്ന് കോലി കാഴ്ച്ച വെച്ചത് ആ സെക്കൻഡ് ഫിഡിൽ വായനയായിരുന്നു.പതിനഞ്ചു കൊല്ലം മുമ്പൊരിക്കൽ ഇതേ കംഗാരുപ്പടയുടെ മേലെ ആഞ്ഞടിച്ച യുവരാജ് സിംഗെന്ന പ്രചണ്ഡമാരുതന് വീശിയടിക്കാൻ നിലമൊരുക്കിക്കൊടുത്ത റോബിൻ ഉത്തപ്പയെപ്പോലെ സൂര്യയ്ക്ക് സ്ട്രൈക്കാവോളം കൈമാറി മറുതലയ്ക്കൽ ആ ഇളകിയാട്ടം ആസ്വദിച്ചു നിൽക്കുകയായിരുന്നു കോലി.സച്ച് എ വണ്ടർഫുൾ കാരക്ടർ❤️
വ്യക്തിഗതമികവുകളാൽ മറ്റൊരു ബൈലാറ്ററൽ സീരീസ് കൂടി സ്വന്തമാക്കുമ്പോഴും ബൗളിംഗിന്റെ കാര്യത്തിൽ ഒട്ടും ആശാവഹമായ ഒരവസ്ഥയിലെത്തിച്ചേർന്നിട്ടില്ല ഇന്ത്യൻ ടീമെന്ന ബാക്കിപത്രവുമായാണ് നമ്മൾ ലോകകപ്പിനു മുമ്പുള്ള അവസാന ടിട്വന്റി പരമ്പരയെ എതിരേൽക്കുന്നത്.ഒരുപാടുത്തരങ്ങൾ ഇനിയും കണ്ടെത്തേണ്ടതുണ്ട്.അതെന്തായാലും ഇന്നിത് ആഘോഷരാവു തന്നെയാണ്;ഓസീസിനോടുള്ള ഏതൊരു വിജയവും അതിൽക്കുറഞ്ഞ ഒന്നും അർഹിക്കുന്നില്ല.