കോഴിക്കോട് : ബിജെപിയിൽ നിന്നും തന്നെ പുറത്താക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിനുളള വെളളം വാങ്ങിവയ്ക്കണമെന്ന് ശോഭ സുരേന്ദ്രൻ. ബിജെപി എന്റെ കൂടി പാർട്ടിയാണ്. വഴിയിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് തട്ടി നീക്കി മുന്നോട്ടു പോകും. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇതിനോട് കൂടുതൽ പ്രതികരിക്കേണ്ട കാര്യമില്ല’. ശോഭ വ്യക്തമാക്കി.
ഏതെങ്കിലും രീതിയിൽ താൻ പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും മുതിർന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസുമായി നടത്തിയ സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. അനൗദ്യോഗിക വിലക്കിനിടെയാണ് കോഴിക്കോട് രണ്ടാമത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്. വെളളയിൽ മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ശോഭ സുരേന്ദ്രനെ, തടയണമെന്ന് ഒരുവിഭാഗം പ്രവർത്തകർ ശക്തമായി വാദിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടി നേതൃത്വത്തിനെതിരെ നിലപാടെടുക്കുന്ന ശോഭ സുരേന്ദ്രനെ പരിപാടിയിൽ പങ്കെടുപ്പിക്കരുതെന്ന് ബിജെപി വാട്സാപ് ഗ്രൂപ്പുകളിൽ ശക്തമായി ആവശ്യമുയർന്നു. എന്നാൽ ഏതിർപ്പുകൾ അവഗണിച്ച് ശോഭ പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു, ഔദ്യോഗിക പക്ഷത്തിനെതിരെ രൂക്ഷമായ പ്രതികരണം.
എന്നാൽ ജില്ലാ ഘടകത്തിന്റെ ക്ഷണപ്രകാരമാണ് ശോഭ പരിപാടിക്കെത്തിയതെന്നായിരുന്നു പി കെ കൃഷ്ണദാസിന്റെ പ്രതികരണം.