മുംബൈ: കപിലിനു ശേഷം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകുന്ന ബൗളറാകാനൊരുങ്ങുകയാണ് ബുംറയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാകാൻ ബുംറയെ തിരഞ്ഞെടുത്തതോടെ പുറത്തു വരുന്ന സൂചനകൾ ഇതിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ കെ എൽ രാഹുൽ നയിക്കുമെന്ന തീരുമാനം അത്ര അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല.
രോഹിത് ശർമ്മ പരിക്കിൽ നിന്നും മോചിതനാകാത്തപക്ഷം നിലവിലെ വൈസ് ക്യാപ്ടനായ കെ എൽ രാഹുൽ ടീമിനെ നയിക്കും എന്നത് പരസ്യമായ രഹസ്യമായിരുന്നു. എന്നാൽ ടീമിന്റെ വൈസ് ക്യാപ്ടൻ സ്ഥാനത്തേക്ക് പേസർ ജസ്പ്രീത് ബുമ്രയെ കൊണ്ടുവന്നത് തീർത്തും അപ്രതീക്ഷിതമായ ഒരു നീക്കമായിരുന്നു. പ്രത്യേകിച്ച് ഐ പി എല്ലിൽ ക്യാപ്ടൻസി മികവ് തെളിയിച്ച ശ്രേയസ് അയ്യറും റിഷഭ് പന്തും ടീമിലുള്ളപ്പോൾ, ഒരു ബൗളർ ആയ ബുമ്രയ്ക്ക് വൈസ് ക്യാപ്ടന്റെ ചുമതലകൾ നൽകാനുള്ള സെലക്ടർമാരുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഈയൊരു നീക്കത്തിലൂടെ ശ്രേയസ് അയ്യറിനും റിഷഭ് പന്തിനും ശക്തമായ ഒരു സന്ദേശം നൽകാനാണ് സെലക്ടർമാർ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും തിളങ്ങുന്നവർക്കായിരിക്കും ടീമിനുള്ളിലെ സ്ഥാനങ്ങൾക്ക് അർഹതയുണ്ടാവുക എന്ന് സെലക്ടർമാരിൽ ചിലർ മുമ്ബ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. അങ്ങനെ നോക്കുമ്‌ബോൾ മൂന്ന് ഫോർമാറ്റിലും ഒരുപോലെ മികവ് തെളിയിച്ചിട്ടുള്ള ചുരുക്കം ചില ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് ബുമ്ര. ടി ട്വന്റിയിലെ മികവ് കൊണ്ട് മാത്രം വൈസ് ക്യാപ്ടൻ സ്ഥാനം നേടിയെടുക്കാൻ സാധിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ സെലക്ടർമാർ നൽകുന്നത്.
എന്നാൽ ബുമ്രയുടെ വൈസ് ക്യാപ്ടൻ സ്ഥാനം താത്ക്കാലികമായ ഒരു പദവി മാത്രമായതിനാൽ ഇതിന്മേൽ സെലക്ടർമാർ ഒരുപാട് തലപുകയ്ക്കാനുള്ള സാദ്ധ്യതയും കുറവാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷമുള്ള വെസ്റ്റിൻഡീസിന്റെയും ശ്രീലങ്കയുടേയും ഇന്ത്യൻ പര്യടനത്തിന് മുന്നോടിയായി രോഹിത് ശർമ്മ പരിക്കിൽ നിന്ന് മുക്തനാകുമെന്ന് ഉറപ്പാണ്. തിരിച്ചെത്തുന്ന രോഹിത് ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കുകയും കെ എൽ രാഹുൽ വീണ്ടും വൈസ് ക്യാപ്ടൻ ആകുകയും ചെയ്യും. ആ സ്ഥിതിക്ക് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ആര് വൈസ് ക്യാപ്ടൻ ആകുന്നുവെന്നത് ഒരു വിഷയമാകുന്നില്ല. പക്ഷേ ശ്രേയസ് അയ്യറിനെയോ പന്തിനെയോ പരിഗണിക്കാതെ ബുമ്രയെ ആ ചുമതല ഏൽപ്പിച്ചത് സെലക്ടർമാർക്ക് ഒരു പ്രത്യേക ലക്ഷ്യം ഉള്ളത് കൊണ്ടാണെന്ന് വ്യക്തമാണ്.