കൽപ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ ചൂരൽമലയിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന ഇന്നും തുടരും. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘത്തിന്റെ പരിശോധനയാണ് ഇന്നും തുടരുക. ആറു സോണുകൾ കേന്ദ്രീകരിച്ചാണ് ഭാഗിക പരിശോധന നടത്തുക. ഇന്നലെ ഉച്ച വരെയാണ് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ദുരന്ത മേഖലയിൽ പ്രതികൂല കാലവസ്ഥയായതിനാൽ ഉച്ചക്ക് ശേഷം പരിശോധന അവസാനിപ്പിക്കുകയായിരുന്നു.
ഈ മാസം 22 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നതാണ് സർക്കാർ നിർദ്ദേശം. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച ശേഷം വേണ്ടി വന്നാൽ കൂടുതൽ സമയം ആവശ്യപ്പെടാനാണ് സംഘത്തിന്റെ തീരുമാനം. പുനരധിവാസത്തിന് സർക്കാർ കണ്ടുവെച്ചിരിക്കുന്ന ഭൂമിയിലും വിദഗ്ധ സംഘം പരിശോധന നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിഡബ്ല്യുആര്‍എം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ടി കെ ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താര മനോഹരന്, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്ക് അനലിസ്റ്റ് പി പ്രദീപ് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.
ഇന്നലെ വൈകീട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ, ചൂരൽമല പുത്തുമല എന്നിവിടങ്ങളിൽ നിന്നായി 83 പേരെ മാറ്റി പാർപ്പിച്ചിരുന്നു. തൃക്കൈപ്പറ്റ സ്കൂളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാര ചടങ്ങുകൾ ഇന്ന് നടത്തും. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്.ബെയ്ലി പാലത്തിന് സമീപം നിർമിച്ച താൽക്കാലിക പാലം പൊളിച്ചു നീക്കുന്നതിനുള്ള ശ്രമം തുടങ്ങി.