ചെന്നൈ: തമിഴ്നാട്ടിൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയിലേക്ക് രണ്ട് ലക്ഷം പേരെ കൂടി ഉൾപ്പെടുത്തി. ഇതോടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി 15 ലക്ഷമായി. 11.85 ലക്ഷം അപേക്ഷകരിൽ നിന്നാണ് അര്‍ഹരായ രണ്ട് ലക്ഷം പേരെ കണ്ടെത്തിയത്. വീട്ടമ്മമാര്‍ക്ക് പ്രതിമാസം നൽകുന്ന പണം സര്‍ക്കാര്‍ സഹായമല്ല, അവകാശമാണെന്ന പ്രഖ്യാപനത്തോടെയാണ് ‘കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ തൊഗെയ്’ നടപ്പാക്കുന്നത്.
കുടുംബ വരുമാനത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ഒരു കോടി 6 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം പദ്ധതി ആരംഭിച്ചപ്പോള്‍ ഗുണം ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കർഷകരുടെ അക്കൗണ്ടുകളില്‍ പണം എത്തിച്ചതിന് സമാനമായ നടപടിയെന്നും തമിഴ്നാട് സര്‍ക്കാരിന്റെ ഈ പദ്ധതിയെ വിലയിരുത്താം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വീട്ടമ്മമാരുടെ അക്കൗണ്ടുകളിലെത്തുന്ന പണം വോട്ടുകൊണ്ടുവരുമെന്ന കണക്കു കൂട്ടലിലാണ് സ്റ്റാലിന്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, തമിഴ്നാട്ടില്‍ പൊങ്കൽ സമ്മാനമായി പണവും നല്‍കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. റേഷൻ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം നൽകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പൊങ്കൽ കിറ്റിനൊപ്പം പണം പ്രഖ്യാപിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വീട്ടമ്മമാർക്കുള്ള വേതനവും പൊങ്കലിന് മുൻപ് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 10 ന് പണം ബാങ്ക് അക്കൗണ്ടിലെത്തും.
സാധാരണ എല്ലാ മാസവും 15 നാണ് വീട്ടമ്മമാർക്കുള്ള വേതനം നൽകുന്നത്. ഒരു കിലോഗ്രാം അരിയും ഒരു കിലോഗ്രാം പഞ്ചസാരയും കരിമ്പുമാണ് പൊങ്കൽ കിറ്റിലുള്ളത്. റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭിക്കുക. പുനരധിവാസ ക്യാമ്പുകളില്‍ താമസിക്കുന്ന ശ്രീലങ്കൻ തമിഴര്‍ക്കും പൊങ്കല്‍ സമ്മാനം നല്‍കും. സർക്കാർ 238.92 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഏകദേശം 2.19 കോടി റേഷന്‍ കാർഡ് ഉടമകളുണ്ടെന്നാണ് സഹകരണ ഭക്ഷ്യ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ കണക്ക്.