കോട്ടയം : അയർക്കുന്നത് 15 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ കൊടുംക്രൂരനായ പ്രതിയെ കുടുക്കിയത് അയർക്കുന്നം എസ് ഐ ആയിരുന്ന അനൂപ് ജോസിന്റെ ഇടപെടൽ. ഒരു ദിവസത്തോളം പോലീസ് ചോദ്യം ചെയ്തിട്ടും കേസിലെ പ്രതിയായ മണർകാട് അരീപറമ്പ്ചേലക്കുന്നേൽ അജേഷ് സി.ടി കുറ്റം സമ്മതിച്ചിരുന്നില്ല. വീണ്ടും പലതവണ തിരിച്ചും മറിച്ചും ഉള്ള അനൂപ് ജോസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ കള്ളി വെളിച്ചത്തായത്. ഒപ്പം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കൊടുക്കാൻ പ്രതി പറഞ്ഞ കള്ളമാണ് മൃതദേഹം കണ്ടെത്തുന്നതിലും കുറ്റം തെളിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പോലീസിനെ തുണച്ചത്.
പോലീസിന്റെ അന്വേഷണ മികവാണ് പ്രതിക്ക് ജീവപര്യന്തം കഠിനതടവിനും 20 വർഷം കഠിന തടവിനും രണ്ടര ലക്ഷം രൂപ പിഴവിനും ശിക്ഷിച്ചത്. 2019 ജനുവരി 17 നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവദിവസം തന്നെ വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. വീട്ടിൽ സ്ഥിരമായി എത്തുന്ന അജേഷിനെ അടക്കമുള്ളവരെ സംശയിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്. തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെ പെൺകുട്ടിയുടെ ഫോണിലേക്ക് നിരന്തരമായി അജേഷ് വിളിച്ചിരുന്നതായി കണ്ടെത്തി. അജേഷിന് മുൻപ് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നതും പോലീസിന്റെ സംശയത്തിന് ബലം നൽകി. തുടർന്നാണ് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. പോലീസ് നിരന്തരം ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റം സമ്മതിക്കാൻ തയ്യാറായിരുന്നില്ല. രാത്രി മുഴുവൻ ചോദ്യം ചെയ്തെങ്കിലും നിസ്സഹകരണം മാത്രമായിരുന്നു ഇയാൾ സമ്മാനിച്ചത്. തുടർന്ന് പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ രാത്രിയിൽ സമീപത്തെ ഇതര സംസ്ഥാന തൊഴിലാളി നായയെ കല്ലെറിയുന്നത് കണ്ടതായി സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് പോലീസ് സംഘം വിഷയത്തിൽ കൂടുതൽ സജീവമായി ഇടപെട്ടത് തുടർന്ന് നടത്തിയ ചോദ്യം ചെയ്യൽ ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.