ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകുക. അതേസമയം, സമഗ്രമായ റിപ്പോർട്ടിൽ ഒറ്റ പദ്ധതി മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന. 2029ൽ തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താൻ ശുപാർശ ചെയ്യുമെന്നാണ് വിവരം. ഒറ്റ തെരഞ്ഞെടുപ്പ് മുന്നോട്ട് വെയ്ക്കുമ്പോൾ കേരളം ഉൾപ്പടെ ചില നിയമസഭകളുടെ കാലാവധി ഒറ്റതവണത്തേക്ക് വെട്ടിചുരുക്കാൻ നിർദ്ദേശിക്കുമെന്നാണ് റിപ്പോർട്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് നേരത്തെ നിയമകമ്മീഷന്‍ രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഒരേ സമയം പൂർത്തിയാക്കാമെന്ന ശുപാർശയാണ് നിയമ കമ്മീഷൻ നൽകിയത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നിയസഭ തെരഞ്ഞെടുപ്പുകൾ ഇതിനായി ക്രമീകരിക്കണം. 2024നും 2029നും ഇടയിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ പരമാവധി ഒന്നിച്ചാക്കി രണ്ട് പ്രാവശ്യമായി പൂർത്തിയാക്കണം. ചില നിയമസഭകളുടെ കാലാവധി കൂട്ടുകയും ചിലത് കുറയ്ക്കുകയും വേണം. ഉദാഹരണത്തിന് 2026ൽ കേരളത്തിലെ തെരഞ്ഞെടുപ്പ് നടന്നാലും നിയമസഭ കാലാവധി 3 കൊല്ലമായി ചുരുക്കേണ്ടി വരും.