സ്പോർട്സ് ഡെസ്ക്ക് : ഏഷ്യാ കപ്പില്‍ ഫൈനല്‍ ഉറപ്പിച്ചതിന്റെ ആവേശത്തില്‍ ടീം ഇന്ത്യ സൂപ്പര്‍ ഫോറിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിനു ഇറങ്ങുന്നു. വെള്ളിയാഴ്ച കൊളംബോയില്‍ നടക്കാനിരിക്കുന്ന ഡേ-നൈറ്റ് മല്‍സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. സൂപ്പര്‍ ഫോറിലെ രണ്ടു കളിയിലും തോറ്റ ബംഗ്ലാദേശിന്റെ ഫൈനല്‍ പ്രതീക്ഷ ഇതിനകം അവസാനിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇന്ത്യയെ ഞെട്ടിച്ച് തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങാനായിരിക്കും ബംഗ്ലാദേശിന്റെ ശ്രമം.
മറുഭാഗത്തു ഇന്ത്യയാവട്ടെ വിജയ റെക്കോര്‍ഡ് നിലനിര്‍ത്തി ആത്മവിശ്വാസത്തോടെ ഫൈനലില്‍ ഇറങ്ങാമെന്ന കണക്കുകൂട്ടലില്‍ ആയിരിക്കും. ഇന്ത്യയെയും ബംഗ്ലാദേശിനെയും സംബന്ധിച്ച് മല്‍സരഫലം അപ്രസക്തമായതിനാല്‍ തന്നെ പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചനകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിക്കേറ്റ് സൂപ്പര്‍ ഫോറിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ പരിശീലനം പുനരാരംഭിച്ചെന്നാണ് പുറത്തു വരുന്ന സൂചനകള്‍. പൂര്‍ണ ഫിറ്റാണെങ്കില്‍ ശ്രേയസ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു വന്നേക്കും.ശ്രേയസ് ഇലവനിലെത്തിയാല്‍ ഇഷാന്‍ കിഷനായിരിക്കും ഒരുപക്ഷെ സ്ഥാനം നഷ്ടമായേക്കുക. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നതെങ്കിലും മധ്യനിരയിലെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ശ്രേയസിനാണ് പ്രഥമ പരിഗണന. കൂടാതെ കെഎല്‍ രാഹുല്‍ ഫിറ്റ്‌നസും ഫോമും വീണ്ടെടുത്തതും ഇഷാന് തിരിച്ചടിയാണ്.
ശ്രേയസ് പൂര്‍ണ ഫിറ്റല്ലെങ്കില്‍ സൂര്യകുമാര്‍ യാദവിനെ ബംഗ്ലാദേശിനെതിരേ പരീക്ഷിക്കാനും ഇന്ത്യക്കു പ്ലാനുണ്ട്. നിലവില്‍ ടീം പ്ലാനിന്റെ ഭാഗമല്ലെങ്കിലും ലോകകപ്പില്‍ സൂര്യ ടീമിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പരീക്ഷിക്കാന്‍ നല്ലൊരു അവസരമായിരിക്കും ബംഗ്ലാദേശുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരം. നേരത്തേ ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോഴൊന്നും അതു വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സൂര്യക്കായിരുന്നില്ല. ബംഗ്ലാദേശിനെതിരേ ബൗളിങ് ലൈനപ്പിലായിരിക്കും ഇന്ത്യ അടുത്ത മാറ്റങ്ങള്‍ വരുത്തിയേക്കുക. ശ്രീലങ്കയുമായുള്ള അവസാന മല്‍സരത്തില്‍ ബൗളിങില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ കഴിയാതെ പോയ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യ പുറത്ത് ഇരുത്തിയേക്കും.
പകരം സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ടീമിലേക്കു തിരിച്ചു വിളിച്ചേക്കുകയും ചെയ്യും. ഇക്കോണമി റേറ്റ് അത്ര മികച്ചതല്ലെങ്കിലും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറാണ് അദ്ദേഹം. ബാറ്റിങിലും ടീമിനായി ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ ശര്‍ദ്ദുലിനു സാധിക്കും. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ബംഗ്ലാദേശുമായുള്ള മല്‍സരത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. തുടര്‍ച്ചയായി മൂന്നു ദിവസം രണ്ടു സൂപ്പര്‍ ഫോര്‍ മല്‍സരങ്ങളില്‍ ബുംറ കളിച്ചിരുന്നു. മിന്നുന്ന ഫോമിലുള്ള അദ്ദേഹം ഫൈനലില്‍ ടീമിന്റെ തുറുപ്പുചീട്ട് കൂടിയാണ്.
അതുകൊണ്ടു തന്നെ ബുംറ കൂടുതല്‍ ഫ്രഷായി ഫൈനലില്‍ കളിക്കേണ്ടത് ടീമിനു ആവശ്യമാണ്. ബുംറയ്ക്കു വിശ്രമം നല്‍കുകയാണങ്കില്‍ പരിചയസമ്പന്നനായ മുഹമ്മദ് ഷമിയായിരിക്കും പകരക്കാരനായി പ്ലെയിങ് ഇലവനിലേക്കു വരുന്നത്.