കോഴിക്കോട്: ബി.ജെ.പി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപി മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ഷിദ ജഗത്തിനോട് അപമര്യാദയായി പെരുമാറിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു.
ബോധപൂര്‍വമായ ലൈംഗികാതിക്രമം പ്രകാരം ഐ പി സി 354 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് ആക്ടിലെ 119 എ വകുപ്പും സുരേഷ് ഗോപിക്കെതിരെ ചുമത്തും. ലൈംഗിക ഉദ്ദേശ്യത്തോടുകൂടിയള്ള ബോധപൂര്‍വമായ അതിക്രമം മാധ്യമ പ്രവര്‍ത്തകക്കെതിരെ സുരേഷ് ഗോപി നടത്തിയെന്നാണ് അന്വേഷണത്തിന് ശേഷമുള്ള പൊലീസിന്‍റെ നിഗമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ഷിദ ജഗത്തിന്‍റെ പരാതിയെ സാക്ഷ്യപ്പെടുത്തുന്ന രീതിയില്‍ സാക്ഷിമൊഴിയും വീഡിയോ ദൃശ്യങ്ങളുടെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആദ്യം ചുമത്തിയ 354 എ വകുപ്പിന് പകരം ഐ പി സി 354 തന്നെ ചുമത്താന്‍ പൊലീസ് തീരുമാനിച്ചത്. 2 വര്‍ഷം വരെ തടവും പിഴയും ലഭിക്കാനിടയുള്ള കുറ്റമാണിത്.
കേരള പൊലീസ് ആക്ടിലെ 119 എ വകുപ്പും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും. പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറിയ കുറ്റമാണ് ഈ വകുപ്പിലുള്ളത്. അന്വേഷണം അവസാന ഘട്ടത്തിലാണന്നും കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ നടക്കാവ് എസ്. ഐ ബിനു മോഹന്‍ പറഞ്ഞു. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരേഷ് ഗോപിയെ നവംബര്‍ 15ന് പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.