“കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ല;  തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം”; പൊലീസിൽ പരാതിയുമായി കെഎസ്‍യു നേതാവ്

തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ പൊലീസിൽ പരാതി നൽകി. 

Advertisements

ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് ഗോകുൽ പരാതി നൽകിയത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി എംപിയെ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകള്‍ക്കെതിരായ നടപടികള്‍ക്കുശേഷം എവിടെയും കാണാനില്ലാത്ത സാഹചര്യമാണെന്നാണ് ഗോകുൽ പരാതിയിൽ ഉന്നയിക്കുന്നു. ഇതിനാൽ കേന്ദ്രസഹമന്ത്രിയുടെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്ന് പറഞ്ഞുകൊണ്ടാണ് പരാതി.

സുരേഷ് ഗോപിയെ കാണാനില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി കെ ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. കന്യാസ്ത്രീകളുടെ വിഷയമടക്കം ഉണ്ടായപ്പോഴും സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവുജീവിതത്തിലാണോയെന്നും കെ ശിവൻകുട്ടി പരിഹസിച്ചിരുന്നു.

സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദില്ലിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പൊലീസിൽ അറിയിക്കണോയെന്നാണ് ആശങ്കയെന്ന് പറഞ്ഞുകൊണ്ട് മാർ യൂഹാനോൻ മിലിത്തോസ് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്.

“ഞങ്ങൾ തൃശ്ശൂരുകാർ തെരഞ്ഞെടുത്ത് ദില്ലിയിലെക്കയച്ച ഒരു നടനെ കാണാനില്ല , പൊലീസിൽ അറിയിക്കണമോ എന്ന ആശങ്ക !” എന്നായിരുന്നു തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനു പിന്നാലെയാണിപ്പോള്‍ എംപിയെ മണ്ഡലത്തിൽ കാണാനില്ലെന്ന് വ്യക്തമാക്കി കെഎസ്‍യു പരാതിയുമായി പൊലീസിനെ സമീപിച്ചത്.

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിലും അതിനുശേഷം ഒഡീഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല.

Hot Topics

Related Articles