കൊച്ചി:കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലെ ഫിൻടെക് സ്റ്റാർട്ടപ്പും ഡിജിറ്റൽ പണമിടപാട് സേവനദാതാവായ ഏസ്മണിയുടെ മാതൃസ്ഥാപനവുമായ ഏസ്വെയർ ഫിൻടെക് സർവീസസ് 2021-ലെ ഗോ ഗ്ലോബൽ അവാർഡിന് അർഹമായി. വാഷിംഗ്ടൺ ആസ്ഥാനമായ ഇന്റർനാഷണൽ ട്രേഡ് കൗൺസിലാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫിൻടെക് വിഭാഗത്തിലെ ടോപ്പ് പ്ലേസർ എന്ന ബഹുമതിയാണ് ഏസ്വെയർ കരസ്ഥമാക്കിയത്. 178 രാജ്യങ്ങളിൽ നിന്നായി 6416 എൻട്രികളിൽ നിന്നാണ് കമ്പനിയെ അവാർഡിനായി തെരഞ്ഞെടുത്തത്. നൂതനാശയങ്ങൾ, സാങ്കേതികവിദ്യ, ബിസിനസ് തന്ത്രങ്ങൾ തുടങ്ങിയവയിലൂടെ സമ്പദ്ഘടനയെ മുന്നോട്ട് നയിക്കുന്ന കമ്പനികളെയാണ് ഈ അവാർഡിനായി പരിഗണിക്കുന്നത്.
സർക്കാർ വ്യവസായ ഏജൻസികൾ, ചേമ്പർ ഓഫ് കോമേഴ്സ്, എക്സ്പോർട്ട് കൗൺസിൽ, ബിസിനസ് അസോസിയേഷനുകൾ തുടങ്ങിയവയ്ക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന രാജ്യാന്തര തലത്തിൽ പ്രശസ്തമായ സന്നദ്ധ സംഘടനയാണ് ഇന്റർനാഷണൽ ട്രേഡ് കൗൺസിൽ.