കോട്ടയം: ഒന്ന് ടാർ ചെയ്യാൻ നോക്കിയിരുന്നു റോഡ് കുത്തിയിളക്കാൻ. ചിങ്ങവനം പന്നിമറ്റം ജംഗ്ഷനിലെ റോഡാണ് ടാർ ചെയ്തതിന്റെ പിറ്റേന്ന് തന്നെ വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചെടുത്തത്. പന്നിമറ്റം എഫ്സിഐ ഗോഡൗണിനു മുന്നിൽ നിന്നും പരുത്തുംപാറയിലേയ്ക്കു തിരിയുന്ന റോഡാണ് ടാർ ചെയ്തതിന്റെ പിറ്റേന്ന് തന്നെ കുത്തിപ്പൊളിച്ചിട്ടത്. വർഷങ്ങളായി പരുത്തുംപാറ – പന്നിമറ്റം റോഡ് തകർന്നു കിടക്കുകയാണ്. ഈ റോഡാണ് കഴിഞ്ഞ ദിവസം ടാർ ചെയ്തത്. ഇതിനു പിന്നാലെയാണ് വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്ത് എത്തി റോഡ് കുത്തിപ്പൊളിച്ചിരിക്കുന്നത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. എന്നാൽ, രണ്ടു ദിവസം മുൻപ് മാത്രം ടാർ ചെയ്ത റോഡ് കുത്തിപ്പൊളിച്ചതിന് എതിരെ നാട്ടുകാർ അതിരൂക്ഷമായ രീതിയിൽ പ്രതികരിച്ചിട്ടുണ്ട്. അർദ്ധരാത്രിയിൽ മാത്രമാണ് തങ്ങൾക്ക് അനുവാദം ലഭിച്ചതെന്നും, അതിനാലാണ് ഇപ്പോൾ തങ്ങൾ റോഡ് കുത്തിപ്പൊളിക്കുന്നതെന്നും ഇവർ പറഞ്ഞു.