തിരുവനന്തപുരം: കേരളത്തിലെ എട്ട് ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്ത് ചൂട് കൂടും. സാധാരണ താപനിലയില്‍ നിന്ന് മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും , തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഓഗസ്റ്റില്‍ ഇതുവരെ കാര്യമായ മഴ ലഭിക്കാതെ വന്നതോടെ സംസ്ഥാനത്ത് ചൂട് ഉയരുകയാണ്. നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് അപകടകരമാംവിധം താഴുകയാണ്. പമ്പാനദിയില്‍ മാലക്കരയില്‍ സ്ഥാപിച്ച ജലമാപിനിയില്‍ ജലനിരപ്പ് പൂജ്യം സെന്റീമിറ്ററിനും താഴെ രേഖപ്പെടുത്തി. സംസ്ഥാനത്തെ വിവിധ നദികളില്‍ സ്ഥാപിച്ച 38 മാപിനികള്‍ നിരീക്ഷിച്ചപ്പോള്‍ പമ്പാനദിയില്‍ മാത്രമാണ് മൈനസ് ജലനിരപ്പ് മൈനസ് രേഖപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണിമലയാറ്റിലെ കല്ലൂപ്പാറ മാപിനിയില്‍ 1.88 മീറ്ററും അച്ചന്‍കോവിലാറ്റിലെ തുമ്പമണ്‍ മാപിനിയില്‍ 6 മീറ്ററുമാണ് ജലത്തിന്റെ അളവ്. ഇടുക്കി ഡാമിലെ ജലനിരപ്പിലും കുറവ് രേഖപ്പെടുത്തി.