ലണ്ടൻ : ടെസ്റ്റ് ക്രിക്കറ്റിലെ വിഖ്യാത പോരാട്ടത്തിന് ഇംഗ്ലണ്ടിലെ എജ്ബാസ്റ്റനില്‍ ഇന്ന് തുടക്കമാകും. അവസാന ആഷസ് പരമ്പരയിലെ സമ്പൂര്‍ണ പരാജയത്തിന്റെ നോവ് മറക്കാൻ ബാസ്‌ബോള്‍ ശൈലിയുമായി ഇംഗ്ലണ്ടും കിരീടങ്ങളുടെ ജൈത്രയാത്രയില്‍ ഓസ്‌ട്രേലിയയും ഇറങ്ങുമ്പോള്‍ മത്സരം തീപാറുമെന്ന് ഉറപ്പ്.
ബാസ്‌ബോള്‍ ശൈലിക്ക് അനുയോജ്യമായി അടിച്ചുതകര്‍ക്കാൻ പറ്റിയ പിച്ചാണ് ഇംഗ്ലണ്ടില്‍ ഒരുക്കിയിരുന്നത്. കഴിഞ്ഞ ആഷസ് തോല്‍വിക്ക് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീം പൊളിച്ചുപണിതിരുന്നു. പരിശീലകനായി ബ്രെണ്ടൻ മക്കല്ലെവും ക്യാപ്ടനായി ബെൻ സ്റ്റോക്ക്‌സുമെത്തിയതോടെ അവര്‍ സര്‍വ്വ ശക്തരായി. അവസാന 13 ടെസ്റ്റുകളില്‍ 11ലും വിജയം നേടി. വൈകിട്ട് മൂന്നരയ്‌ക്കാണ് മത്സരം. സോണി നെറ്റ് വര്‍ക്കുകളില്‍ തത്സമയം കാണാം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ അനായാസ വിജയം, മുൻനിര ബാറ്റര്‍മാരായ ട്രേവിസ് ഹേഡ്, സ്മിത്ത്, ലബുഷെയ്ൻ എന്നിവരുടെ അസാധ്യ ഫോം. ക്യാപ്ടൻ കമ്മിൻസ് നയിക്കുന്ന ബോളിംഗ് നിരയും ശക്തം. പിഴവിന് ഒരുകണികപോലും ഇടനല്‍കാതെ അഭിമാന പോരാട്ടത്തിനെത്തുന്ന ഓസ്‌ട്രേലിയ്‌ക്ക് മുന്നില്‍ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാൻ വലിയ വിയര്‍പ്പൊഴിക്കേണ്ടിവരും. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കുന്നതാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നത്. 2021ല്‍ വിരമിച്ച മൊയീൻ അലിയെ തിരികെ വിളിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. സ്പിന്നര്‍ ജാക്ക് ലീച്ചിന് പരിക്കേറ്റതോടെയാണ് മൊയീൻ അലിയെ ടീമിലേക്ക് വിളിച്ചത്.