ഫസലിനെ കൊന്നത് ആര്‍എസ്എസ് അല്ല; കൊലപാതകത്തിന് പിന്നില്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് സിബിഐ; ഇരുവര്‍ക്കും ഇന്ന് കണ്ണൂരില്‍ പാര്‍ട്ടി വക സ്വീകരണം; ആദ്യ കുറ്റപത്രം ശരിവച്ച് സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍: വര്‍ഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ തലശ്ശേരി ഫസല്‍ വധക്കേസില്‍ മൂന്ന് മാസം നീണ്ട തുടരന്വേഷണത്തില്‍ സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഫസലിനെ കൊന്നത് ആര്‍എസ്എസ് അല്ലെന്നും ടിപി വധക്കേസില്‍ കുറ്റവാളികളായ കൊടിസുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസില്‍ പങ്കുണ്ടെന്നും സിബിഐ ആവര്‍ത്തിക്കുന്നു. ഫസല്‍ വധക്കേസില്‍ ഗൂഡാലോചനാക്കുറ്റം ചുമത്തപ്പെട്ട് ജാമ്യ വ്യവസ്ഥ പ്രകാരം എട്ടുവര്‍ഷമായി എറണാകുളത്തായിരുന്ന സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിലേക്ക് മടങ്ങി. ഫസല്‍ വധക്കേസിലെ ഗൂഡാലോചനയില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ 2012 ജൂണിലാണ് കാരായിമാര്‍ കോടതിയില്‍ കീഴടങ്ങിയത്. ഒന്നരക്കൊല്ലത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യം കിട്ടിയെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളത്തായിരുന്നു താമസം. ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് തലശ്ശേരിയിലെത്തുന്ന ഇരുവര്‍ക്കും സിപിഎം സ്വീകരണം നല്‍കും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സ്വീകരണ യോഗം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

Advertisements

2006 ഒക്ടോബര്‍ 22-നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവര്‍ത്തകനായ ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള എതിര്‍പ്പ് മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം. എന്നാല്‍ കേസില്‍ സിപിഎമ്മിന് ബന്ധമില്ലെന്നും താനടക്കം നാല് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് കുറ്റസമ്മതമൊഴി നല്‍കിയിരുന്നു.എന്നാല്‍ സുബീഷിന്റെ ഈ വെളിപ്പെടുത്തല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് പറയിപ്പിച്ചതാണെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരിങ്ങാലക്കുട സ്വദേശിയായ ഒരു പ്രചാരക്, തലശ്ശേരി ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് നേതാക്കളായ ശശി, മനോജ് എന്നിവരും താനുമുള്‍പ്പെട്ട സംഘമാണ് ഫസല്‍ വധത്തിന് പിന്നിലെന്നാണ് സുബീഷിന്റെ മൊഴി.ഇതോടെ ഫസല്‍ വധക്കേസില്‍ കാരായിമാര്‍ നിരപരാധികളാണെന്ന വാദം ശക്തമായി. എന്നാല്‍ തൊട്ടടുത്ത ദിവസം കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുബീഷ് തന്റെ മൊഴി നിഷേധിച്ചു. പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തിയാണ് വീഡിയോയില്‍ കാണുംവിധം പറയിച്ചതെന്ന് സുബീഷ് പറഞ്ഞു.എന്നാല്‍, അടുത്ത ദിവസം തന്നെ സുബീഷ് കൊലപാതകത്തെ കുറിച്ച് ഒരു ആര്‍എസ്എസ് നേതാവിനോട് വിവരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായി. ഇത് ഫസലിന്റെ സഹോദരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മട്ടന്നൂര്‍ കോടതിയില്‍ സുബീഷ് മുമ്പ് നല്‍കിയ മൊഴിയില്‍ പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചിട്ടില്ല എന്ന് പറഞ്ഞെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഫസലിന്റെ സഹോദരന്‍മാര്‍ ഇരുവരും കൊലപാതകം സിപിഎം നടത്തിയതല്ലെന്നും കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഫസലിന്റെ ഭാര്യയും സഹോദരിയും നിലവില്‍ സിബിഐ കണ്ടെത്തിയ പ്രതികള്‍ തന്നെയാണ് കുറ്റക്കാര്‍ എന്നാണ് അഭിപ്രായപ്പെടുന്നത്.

Hot Topics

Related Articles