പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലപൂജയ്ക്കുള്ള തങ്കഅങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. ഏഴുമണിക്ക് ആറന്മുള കിഴക്കേ നടയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര പൂര്‍ണമായും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടന്നത്. ആറന്മുള ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5 മുതല്‍ 6.30 വരെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ തങ്ക അങ്കി ദര്‍ശനത്തിനും അനുവദിച്ചു.
ഇന്ന് രാത്രി ഏട്ടിന് ഓമല്ലൂര്‍ ക്ഷേത്രത്തില്‍ ഘോഷയാത്ര സംഘം വിശ്രമിക്കും. 25ന് വൈകിട്ട് 6.30ന് – തങ്ക അങ്കി വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന – 26ന് ഉച്ചയ്ക്ക് മണ്ഡലപൂജ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
25ന് ഉച്ചക്ക് പമ്പയില്‍ എത്തും. വൈകീട്ട് മൂന്നിന് പമ്പയില്‍നിന്ന് തിരിക്കുന്ന ഘോഷയാത്രക്ക് അഞ്ചിന് ശരംകുത്തിയില്‍ സ്വീകരണം നല്‍കും. 26ന് രാവിലെ 11.50നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. തിരുവിതാംകൂര്‍ രാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡലപൂജക്ക് ചാര്‍ത്താന്‍ നടയ്ക്കല്‍െവച്ചതാണ് തങ്കഅങ്കി. ഇതോടെ 41 ദിവസം നീണ്ട ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനും സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകീട്ട് അഞ്ചിന് വീണ്ടും ക്ഷേത്രനട തുറക്കും.
തങ്ക അങ്കി ഘോഷയാത്രയെ യാത്ര അയയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, പ്രമോദ് നാരായണ്‍ എംഎല്‍എ, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ദേവസ്വം ഡെപ്യുട്ടി കമ്മീഷണര്‍ ഡി.ബൈജു, തിരുവാഭരണം കമ്മീഷണര്‍ എസ്. അജിത്കുമാര്‍ എന്നിവര്‍ എത്തിയിരുന്നു. കെഎപി കമാന്‍ഡന്റ് സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സായുധസംഘവും, കെ. സൈനുരാജ്, ജി. അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥ സംഘവും ഷോഷയാത്രയെ അനുഗമിക്കുന്നുണ്ട്.
തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മ്മ ശബരിമലയില്‍ സമര്‍പ്പിച്ചതാണ് തങ്ക അങ്കി. ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്.