ന്യൂസ് ഡെസ്ക് : തണ്ണീർക്കൊമ്പന് ഒരു പ്രത്യേക സംസ്ഥാനത്തിന്റെ ബ്രാൻഡിങ് വേണ്ടെന്നു കർണാടക വനംമന്ത്രി ഈശ്വർ ഖന്ദ്ര.
വന്യമൃഗങ്ങളെ ഒരു സംസ്ഥാനത്തിനോടു ചേർത്ത് ബ്രാൻഡ് ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരിടത്തുനിന്നു പിടിച്ച് റേഡിയോ കോളർ വച്ചെന്നു കരുതി അതേ ഇടത്തേക്ക് ആനയെ തിരിച്ചുവിട്ടത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഉൾപ്പെടെ കേരള വനംമന്ത്രി എ.കെ. ശശീന്ദ്രനുമായി ചർച്ച ചെയ്യുമെന്നും ഈശ്വർ ഖന്ദ്ര വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള വനംവകുപ്പ് തണ്ണീർക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഒരു ആനയുടെ വിലപ്പെട്ട ജീവൻ നഷ്ടമായതിൽ കർണാടക അനുശോചിക്കുന്നെന്നും എവിടെ, ആർക്കാണു പിഴവ് പറ്റിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയുടെ കാര്യം തീരുമാനിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഒരുമിച്ച് നിലച്ചതു മൂലമാണെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇടതു തുടയിലുണ്ടായിരുന്ന മുറിവ് പഴുത്ത് ആന്തരിക അവയവങ്ങളിലേക്ക് പടർന്നതും മരണകാരണമായി. വെള്ളിയാഴ്ച മാനന്തവാടിയിൽനിന്നു പിടികൂടി ബന്ദിപ്പൂരിലെ രാമപുരയിലെത്തിച്ച തണ്ണീർക്കൊമ്പൻ, ശനിയാഴ്ച പുലർച്ചെയാണ് ചരിഞ്ഞത്.