കോട്ടയം: വെള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയല്ലെങ്കിലും, തലപ്പാറയ്ക്കും പൊതിപാലത്തിനും സമീപത്ത് അപകടം ഉണ്ടായതായറിഞ്ഞ് വെള്ളൂർ പൊലീസ് സംഘം സ്ഥലത്ത് പാഞ്ഞെത്തുമ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന സഹപ്രവർത്തകന്റെ ശരീരമായിരുന്നു. മറ്റൊന്നും നോക്കാതെ ഉദ്യോഗസ്ഥ സംഘം വാഹത്തിൽ അപകടത്തിൽപ്പെട്ടു കിടന്ന എ.സ്.ഐയെയുമായി കുതിക്കുകയായിരുന്നു. പക്ഷേ, ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ജീവൻ നഷ്ടമായിരുന്നു.
വൈക്കം തലയോലപ്പറമ്പിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ മരിച്ച വെള്ളൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടിവി പുരം വടക്കുംചേരിക്കരയിൽ കെ.സജി (54) യാണ് മരിച്ചത്. ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സജീയെ തെള്ളകം മാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ തലപ്പാറയ്ക്കും – പൊതിപാലത്തിനും സമീപമായിരുന്നു അപകടം. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയ സജീ ഡ്യൂട്ടിയ്ക്കു ശേഷം ബൈക്കിൽ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സജിയ്ക്കു ഗുരുതരമായി പരിക്കേറ്റു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ തെള്ളകത്തെ മാതാ ആശുപത്രിയിൽ എത്തിച്ചു. തലയ്്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രാത്രി 11.15 ഓടെ മരിക്കുകയായിരുന്നു. മൃതദേഹം രാത്രി തന്നെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും. സംഭവം അറിഞ്ഞ് വിവിധ സ്‌റ്റേഷനിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും , സജിയുടെ ബന്ധുക്കളും അടക്കമുള്ളവർ മാതാ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. ഭാര്യ – ജെസി. മക്കൾ – ആൽബർട്ട്, അൻമരിയ